Thursday, March 7, 2013

പുകമറകള്‍ മാഞ്ഞു ആറന്മുള സിംഗൂര്‍ തന്നെ


http://www.madhyamam.com/weekly/1936

പുകമറകള്‍ മാഞ്ഞു ആറന്മുള സിംഗൂര്‍ തന്നെ

വിജു വി. നായര്‍

കൃത്യം ഒരു കൊല്ലം മുമ്പാണ് ‘ആറന്മുളയില്‍ ഉയരുന്ന സിംഗൂരി’നെപ്പറ്റി ആഴ്ചപ്പതിപ്പില്‍ എഴുതിയത്. ശേഷം പമ്പാനദിയില്‍ പ്രോവേര്‍ബിയല്‍ വെള്ളം കുറെ ഒലിച്ചുപോയി. ആറന്മുളയില്‍ കെ.ജി.എസ് വിമാനക്കമ്പനി സമ്മര്‍ദമുറകളും അധികാരിസേവയുമായി ഏറെ മുന്നോട്ടുപോയി. സി.പി.എം തൊട്ട് ബി.ജെ.പിവരെ കക്ഷിഭേദം മറന്ന് ഗ്രാമീണജനത ഒറ്റക്കെട്ടായി അതിനെതിരെ നിലകൊള്ളുന്നു. അതിനിടെ പരിസ്ഥിതിപഠനങ്ങളും നിയമസഭാസമിതിയുടെ അന്വേഷണവുംതൊട്ട് സ്ഥിതിവിവര പരിശോധനകള്‍ അനവധി. മുമ്പ് കമ്പനിക്ക് ഒത്താശചെയ്ത അച്യുതാനന്ദന്‍ നേരിട്ടുവന്ന് പിഴതിരുത്തിയ കഥ വേറെ. അങ്ങനെ ജനങ്ങള്‍ ഒരുവശത്തും വിമാനക്കമ്പനി മറുവശത്തുമായി 400 ദിവസം പിന്നിട്ട സംഘര്‍ഷത്തിലേക്ക് കേരള സര്‍ക്കാര്‍ ഇതാ നേരിട്ട് കക്ഷിചേരുകയായി. പദ്ധതിയില്‍ പത്തു ശതമാനം ഓഹരി എടുത്തുകൊണ്ട് സ്വന്തം ഭരണകൂടം ആറന്മുളക്കാരോടും അതുവഴി കേരളീയ ജനതയോടും വെട്ടിത്തുറന്ന് പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ നിങ്ങളുടെ പക്ഷത്തല്ല. ഇടനെഞ്ചുപൊട്ടി വിലപിക്കുന്ന സുഗതകുമാരി ഇനി ‘പത്മശ്രീ’ തിരികെക്കൊടുത്താലും ആദരിച്ച ഭരണകൂടം കവിയോട് കനിയാനൊന്നും പോകുന്നില്ല. പിന്നല്ലേ നാട്ടാരോട്? എന്തെന്നാല്‍, വികസനം ഇപ്പോള്‍ നിശ്ചയിക്കപ്പെടുന്നത് അങ്ങ് മുകളറ്റത്താണ്. അറ്റമെന്നു പറയുമ്പോള്‍ ശരിക്കും അറ്റത്ത്. അവിടെ സംസ്ഥാന മുഖ്യമന്ത്രിപോലും വെറും ദല്ലാള്‍. രാജ്യത്തെ നിയമങ്ങള്‍ ഈ ദല്ലാള്‍വേലയുടെ ചോറ്റുപട്ടാളം. അതുകൊണ്ടുതന്നെ ആറന്മുള ഒരു ഫ്ളാഷ്പോയന്‍റിലേക്കടുക്കുന്നു (കഥയുടെ ഗുട്ടന്‍സ് തിരിയാത്ത പുതുവായനക്കാര്‍ക്കായി ലേശമൊരു ഫ്ളാഷ്ബാക്).
കടമ്മനിട്ടയില്‍ എന്‍ജിനീയറിങ് കോളജ് നടത്തുന്ന എബ്രഹാം കലമണ്ണില്‍ 2004ല്‍ ആറന്മുള പാടശേഖരം കണ്ണുവെക്കുന്നതോടെയാണ് കളി തുടങ്ങുന്നത്. മീന്‍കുളത്തിനായി സ്ഥലമെടുക്കുന്നു എന്ന നാട്യത്തിലാണ് ടിയാന്‍ ഇവിടെ പാടം വാങ്ങിക്കൂട്ടാന്‍ തുടങ്ങുന്നത്. സിയോണ്‍ ചാരിറ്റബ്ള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിനുവേണ്ടിയാണ് ഈ പരിപാടിയെന്ന് പറഞ്ഞ കലമണ്ണില്‍ വിശാലമായ പാടശേഖരത്തില്‍പെട്ട നീര്‍ത്തടങ്ങള്‍ പലരില്‍നിന്നായി കൈവശപ്പെടുത്തി. ഒപ്പം സമീപത്തുള്ള വലിയൊരു കുന്നും. അക്കൊല്ലം ഡിസംബറോടെ കുന്നിടിച്ച് സംഭരിച്ച മണ്ണുകൊണ്ട് പാടങ്ങള്‍ നികത്തി. ഒപ്പം, ആറന്മുളയുടെ മര്‍മപ്രധാന ജലസ്രോതസ്സായ കോഴിത്തോടും. പമ്പാനദിയിലെ ജലത്തോതിന്‍െറ മാറ്റങ്ങള്‍ക്ക് അനുസൃതമായി നാട്ടിലെ കിണറുകളില്‍ ജലവിതാനം ക്രമീകരിക്കുന്ന സംവിധാനം എന്ന നിലക്കുകൂടിയാണ് കോഴിത്തോടിന്‍െറ ഈ പ്രാധാന്യം. പാടവും നീര്‍ത്തടങ്ങളും നികത്തപ്പെട്ടതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായിറങ്ങി. എബ്രഹാം ഉടനെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതി കയറി. ഈ സന്ദര്‍ഭത്തിലാണ് പാടം നികത്തല്‍ പ്രക്രിയക്കു പിന്നിലെ ഇംഗിതം ആദ്യമായി പുറത്തുവരുന്നത്. മത്സ്യകൃഷിയല്ല തന്‍െറ എന്‍ജിനീയറിങ് കോളജിനുവേണ്ടി ഒരു എയര്‍സ്ട്രിപ് പണിയുകയാണ് ലക്ഷ്യമെന്ന് എബ്രഹാം വെളിപ്പെടുത്തുന്നു. പൊലീസ് സംരക്ഷണം അനുവദിച്ച കോടതി പക്ഷേ, ഒരു കാര്യം വ്യക്തമായി പറഞ്ഞു: ‘‘നെല്‍പ്പാടത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ/വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍, ആയതിന് നിയമപരമായ അനുമതി നേടിയിരിക്കണം.’’ (2005 ഫെബ്രുവരി 24.) കുറെക്കാലം പിന്നെ പണിയൊന്നുമുണ്ടായില്ല. 2006ല്‍ എബ്രഹാം വീണ്ടുമിറങ്ങി. കൈവശപ്പെടുത്തിയ പാടങ്ങള്‍ നികത്താന്‍ തുടങ്ങിയപ്പോള്‍, ജനങ്ങള്‍ പരാതിപ്പെട്ടു. 2006 ജൂലൈ 17ന് വില്ലേജ് ഓഫിസറുടെ ഉത്തരവുണ്ടായി, മണ്ണിട്ടുമൂടല്‍ നിര്‍ത്തിക്കൊള്ളാന്‍. എതിര്‍കക്ഷിക്ക് കൂസലുണ്ടായില്ല. ടിയാന്‍ പണി തുടര്‍ന്നു. ഇത്തവണ, പാടശേഖരത്തെ സര്‍ക്കാര്‍വക പുറമ്പോക്കില്‍ ഒഴുകിയിരുന്ന നിര്‍ണായകമായ ഒരു ചാലും മണ്ണിനടിയിലായി. പരാതികള്‍ കിട്ടിയ തഹസില്‍ദാറും അസി. എന്‍ജിനീയറും പണിതടയുന്ന കല്‍പനകള്‍ പുറപ്പെടുവിച്ചെങ്കിലും സിയോണ്‍ സൊസൈറ്റി കനിഞ്ഞില്ല. നെല്‍വയലുകള്‍ അനധികൃതമായി ഒരു ട്രസ്റ്റിന്‍െറ പേരിലാക്കുന്നു എന്നു പറഞ്ഞ് അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സ്ഥലം ആര്‍.ഡി.ഒ കത്തയച്ചു. ഇതിനിടെ ക്ഷുഭിതരായ കര്‍ഷകത്തൊഴിലാളികള്‍ പാടം നികത്തുന്ന കൂട്ടരുടെ ഒരു ജെ.സി.ബി കത്തിക്കുകയും അത് കേസാവുകയുമുണ്ടായി.
2008 മാര്‍ച്ചില്‍ വയല്‍നികത്തലും നീര്‍ത്തടം നികത്തലും കോടതിയിലെത്തുന്നു. രണ്ടു കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസയച്ചെങ്കിലും പ്രതി ഹാജരായതേയില്ല. വിദേശ ഇന്ത്യക്കാരെ ചേര്‍ത്തുണ്ടാക്കിയ സിയോണ്‍ ട്രസ്റ്റിന്‍െറ ഉദ്ദേശ്യം സുഗമമായി നടപ്പാവില്ലെന്നുവന്നതോടെ എബ്രഹാം വല വിപുലമാക്കി. വിദേശ ഇന്ത്യക്കാരായ സുഹൃത്തുക്കളെ ചേര്‍ത്ത് സിയോണ്‍ ട്രസ്റ്റും അവരും ചേര്‍ന്നുള്ള വിമാനത്താവള പദ്ധതി പ്രചരിപ്പിക്കുന്നു. എതിര്‍പ്പും പ്രതിബന്ധങ്ങളും പലതട്ടിലുയര്‍ന്നതോടെ വിമാനത്താവളം എന്ന ആശയം വിറ്റുമുടക്കിയ പണം തിരികെ പിടിക്കാനാണ് എബ്രഹാം നോക്കിയതെന്ന് ഇന്ന് പറയുന്നുണ്ടെങ്കിലും എബ്രഹാമിനെ മുന്‍നിര്‍ത്തി നേരത്തേ ആരംഭിച്ച ഗൂഢപദ്ധതിയായിരുന്നോ ഇതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, എബ്രഹാമിന്‍െറ വിമാനത്താവള പദ്ധതി പിറ്റേക്കൊല്ലംതന്നെ പുതിയൊരു അവതാരം ഏറ്റെടുക്കുകയായി -ചെന്നൈ ആസ്ഥാനമാക്കിയ കെ.ജി.എസ് ഗ്രൂപ്പ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖന്മാരെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും ചില ഫ്ളാറ്റുകള്‍ നിര്‍മിച്ചതാണ് ഈ കമ്പനിയുടെ മുന്‍ അനുഭവം. കുമാരന്‍, ഷണ്‍മുഖം എന്നീ രണ്ടു തമിഴ് ബിസിനസുകാരും ഇലന്തൂര്‍ സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ജിജിയും ചേര്‍ന്നുള്ള ഈ തമിഴ് കൂട്ടുകൃഷി പൊടുന്നനെ രംഗപ്രവേശം ചെയ്തതും തുടര്‍ന്ന് വിമാനത്താവള പദ്ധതി  ???പരമോന്നതങ്ങളില്‍നിന്ന് അതിശക്തമായി മുന്നേറുന്നതും കണക്കിലെടുക്കുമ്പോള്‍ ഘോഷിക്കപ്പെടുന്ന ‘വികസന’ചിത്രം കൂടുതല്‍ ദുരൂഹത സ്വയംവരിക്കുകയായിരുന്നു.
കെ.ജി.എസ് രംഗത്തെത്തിയതോടെ ആറന്മുളയില്‍ അരങ്ങേറിയത് തനി സിംഗൂര്‍മോഡലാണ്. നിയമങ്ങളും നാട്ടുകാരും മാത്രമല്ല, സംസ്ഥാന ഭരണകൂടങ്ങളും തങ്ങളുടെ കൈയിലെ അമ്മാനപ്പന്തുകള്‍ മാത്രമാണെന്ന് കമ്പനി വെറും മൂന്നു കൊല്ലംകൊണ്ട് ഹുങ്കോടെ തെളിയിച്ചുകാട്ടി. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമങ്ങളും 15 ഏക്കറിലധികം ഒരാള്‍ക്ക് ഉടമസ്ഥത പറ്റില്ലെന്ന മിച്ചഭൂമി നിയമവുമൊക്കെ എബ്രഹാം കലമണ്ണില്‍ തന്നെ കാറ്റില്‍പറത്തിയ പ്രശ്നം അധികൃതസമക്ഷമിരിക്കെത്തന്നെ അതത്രയും തൃണമാക്കുന്ന ബുള്‍ഡോസിങ്ങാണ് കമ്പനി ആദ്യമേ നടത്തിയത്. എബ്രഹാമില്‍നിന്ന് വാങ്ങിയ ഭൂമി (അനധികൃതമായി സ്വരൂപിച്ചതും സര്‍ക്കാര്‍ സ്ഥലം കൈയേറിയ വകയുമടക്കം) പുറമെ നാട്ടാരെ വ്യക്തിപരമായി പണമെറിഞ്ഞു വീഴ്ത്തുന്ന ലളിതതന്ത്രംവഴിക്ക് 500 ഏക്കര്‍ കൈവശപ്പെടുത്താനായി പുറപ്പാട്. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാറിനെ കരുവാക്കുന്ന അടവാണ് ആദ്യമേ അവതരിപ്പിച്ചത്. തങ്ങള്‍ക്ക് പരിസ്ഥിതി, വ്യോമയാന, പ്രതിരോധ വകുപ്പുകളുടെ അനുമതി കിട്ടിക്കഴിഞ്ഞെന്നും വ്യവസായ പ്രദേശമായി മേപ്പടി പാടശേഖരത്തെ പ്രഖ്യാപിക്കണമെന്നുള്ള അവകാശവാദം ഒരു സ്വകാര്യ കമ്പനി പുറപ്പെടുവിച്ചപ്പോള്‍ സര്‍ക്കാര്‍ തലപ്പത്തെ ബന്ധപ്പെട്ട കുഞ്ഞുങ്ങളെല്ലാം റാന്‍മൂളികളായി ഞൊടിയിടയില്‍ മാറി. മാധ്യമങ്ങള്‍ പതിവുപോലെ ‘വികസന’ത്തിന്‍െറ മുന്തിരിപ്പന്‍ കുഞ്ഞാടുകളായി.
25 കൊല്ലമായി കൃഷിയില്ലാത്ത പ്രദേശമാണിതെന്ന് കമ്പനിയും ഒത്താശക്കാരും തുടക്കംതൊട്ടേ പറയുന്നു. പദ്ധതിപ്രദേശത്തെ കാര്‍ഷികവൃത്തിക്കുമേല്‍ അവസാന വാക്കായ മല്ലപ്പുഴശ്ശേരി കൃഷിഭവനിലെ കണക്ക് നോക്കുക. 2003-04 സാമ്പത്തികവര്‍ഷത്തില്‍ 43 ഹെക്ടറില്‍ ഇവിടെ കൃഷി ചെയ്തിരുന്നു. 2004-05ല്‍ ഇത് 56 ഹെക്ടറായി ഉയര്‍ന്നു. 2007ല്‍ 25.61 ഹെക്ടറുണ്ടായിരുന്ന കൃഷി ഘോഷിക്കപ്പെടുന്ന വിമാനവികസനത്തിന്‍െറ എടങ്ങേറു വന്നതോടെ 2011-12ല്‍ കഷ്ടി മൂന്നു ഹെക്ടറായി ചുരുങ്ങി. പ്രധാനകാരണം, മുഖ്യജലസ്രോതസ്സുകള്‍ അടച്ചതും വിമാനത്താവളപ്പേരിലുണ്ടായ പുക്കാറും. 2009ല്‍പോലും രണ്ടു കൊയ്ത്തുയന്ത്രങ്ങളാണ് ജനകീയാസൂത്രണ പദ്ധതിപ്രകാരം സര്‍ക്കാര്‍ ഈ പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് കൊടുത്തത്. അത്രയും കൃഷിരഹിതഭൂമി എന്ന കുപ്രചാരണത്തിന്‍െറ വസ്തുത.
ഇനി ഇവിടെ കൃഷി നടക്കുന്നില്ലെന്നുതന്നെവെക്കുക. തരിശിട്ട ഭൂമി തിരികെ കൃഷിയിലേക്ക് പ്രവേശിപ്പിക്കാനാണല്ലോ നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കാലികനയങ്ങള്‍ പലതും. ഒരു പ്രദേശത്തിന്‍െറ നീര്‍ത്തട കേന്ദ്രത്തെ സ്വകാര്യ സംഘങ്ങള്‍ക്ക് വികസനമെന്ന ലുടുക്കുമറയില്‍ തോന്ന്യാസം കവരാന്‍ ഏതു നയമാണ് അനുവദിക്കുന്നത്? ഇതൊക്കെ പ്രതിഷേധിക്കുന്ന ‘വികസനവിരുദ്ധര്‍’ നടത്തുന്ന ആരോപണങ്ങള്‍ മാത്രമാണെങ്കില്‍ അവരില്‍പെടാത്ത രണ്ടു നിയമാനുസൃത ദീപസ്തംഭങ്ങളുടെ സാക്ഷ്യംകാണുക. ഒന്ന്, ലാന്‍ഡ്ബോര്‍ഡ് ജോയന്‍റ് കമീഷണര്‍ സി. രഘുവിന്‍െറ റിപ്പോര്‍ട്ട്.
മിച്ചഭൂമി നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിക്കിട്ടാന്‍ ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി കെ.കെ. ജോസ്, എബ്രഹാം കലമണ്ണില്‍ എന്നീ ‘ഉടമ’കള്‍ നല്‍കിയ അപേക്ഷകള്‍ക്കുമേല്‍ ജോയന്‍റ് കമീഷണര്‍ നടത്തിയ കണ്ടെത്തലുകളും നിഗമനങ്ങളും മാത്രം മതി ഈ ‘വികസന’ റാക്കറ്റിയറിങ്ങിന്‍െറ തനിനിറം വെളിവാകാന്‍. അപേക്ഷ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലാന്‍ഡ്ബോര്‍ഡ് വിട്ടു. നടപടിക്കായി കലക്ടര്‍ ഒരു റിപ്പോര്‍ട്ടും കൊടുത്തില്ല. പലവുരു ഓര്‍മപ്പെടുത്തല്‍ നടത്തിയെങ്കിലും. പകരം ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് ഒരറിയിപ്പ് നല്‍കി -സ്ഥലത്തെ പുറമ്പോക്ക് തൊട്ട് 27 ഏക്കര്‍ നെല്‍വയല്‍ മണ്ണിട്ടുനികത്തിയെന്നും അനധികൃതമായ ഈ പണി ചെയ്തത് ടി. ഏവിയേഷന്‍ കമ്പനിക്കാരാണെന്നും. സംസ്ഥാന സര്‍ക്കാറില്‍നിന്ന് ഒരു അനുമതിയും വാങ്ങാതെയാണിത് ചെയ്തതെന്നും കലക്ടറുടെ കത്തിലുണ്ട്. അപേക്ഷകര്‍ക്കെതിരെ മിച്ചഭൂമി  നിയമപ്രകാരം കേസെടുക്കാന്‍ കോഴഞ്ചേരി തഹസില്‍ദാറിനോട് കലക്ടര്‍ കല്‍പിക്കുന്നു. ഒപ്പം, പുറമ്പോക്ക് കൈയേറിയത് ഒഴിപ്പിക്കാനും. ട്രാന്‍സ്പോര്‍ട്ട് ഡയറക്ടറേറ്റില്‍നിന്ന് ലഭിച്ച കത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഈ കല്‍പന. അതേദിവസംതന്നെ നെല്‍വയല്‍ അനധികൃതമായി നികത്തിയതിന് നടപടിയെടുക്കാന്‍ ലാന്‍ഡ്ബോര്‍ഡ് കമീഷണര്‍ക്കും കല്‍പനപോയി.
നിരവധി തവണ ഓര്‍മപ്പെടുത്തിയിട്ടും കോഴഞ്ചേരി താലൂക്ക് ലാന്‍ഡ്ബോര്‍ഡ് ചെയര്‍മാനോ പത്തനംതിട്ട ഡെപ്യൂട്ടി കലക്ടറോ കേസെടുത്തില്ല. ദക്ഷിണമേഖല വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ക്ക് പ്രശ്നമന്വേഷിച്ച് നടപടിയെടുക്കാന്‍ മറ്റൊരു ഉത്തരവ് കൊടുത്തിട്ടും ബഹുമുഖ കാരണങ്ങള്‍ പറഞ്ഞ് ടിയാന്‍ ഊരി. പത്തനംതിട്ട കലക്ടറേറ്റില്‍നിന്ന് മറുപടിയൊന്നുമുണ്ടായില്ല. രസം തീരുന്നില്ല- 2010 ജനുവരി 12ന് ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ എല്ലാ തല്‍പരകക്ഷികളോടും ആവശ്യപ്പെട്ടെങ്കിലും ഒരു കുഞ്ഞും വന്നില്ല. ജൂലൈ മൂന്നിന് കോഴഞ്ചേരി തഹസില്‍ദാര്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും പ്രതികരണം തഥൈവ. കമീഷണറില്‍നിന്നുള്ള തുടര്‍ച്ചയായ ആവശ്യങ്ങള്‍ ഇത്ര ലാഘവത്തോടെ ഉദ്യോഗസ്ഥര്‍ നിരാകരിച്ചതോടെ പൊലീസ് വിജിലന്‍സിന് കേസ് വിടാന്‍ തീരുമാനിച്ചു -2011 ആഗസ്റ്റ് 11ന്. വിജിലന്‍സ് അന്വേഷണത്തിന് വിടുംമുമ്പ് ജോയന്‍റ് കമീഷണര്‍ കാര്യങ്ങള്‍ ഒന്ന് വിശദമായി അന്വേഷിച്ച് ഉറപ്പുവരുത്താന്‍ തീരുമാനിക്കുന്നു. അതുപ്രകാരം രേഖകളെല്ലാം ശേഖരിച്ച് ജോയന്‍റ് കമീഷണറും അസിസ്റ്റന്‍റ് കമീഷണറും ചേര്‍ന്ന് സ്ഥലം ചെന്നുകണ്ട് പരിശോധിക്കുന്നത് 2012 മേയ് രണ്ടിന്. അവരുടെ നിഗമനങ്ങളാണ് ശ്രദ്ധേയം.
‘മൗണ്ട് സിയോണ്‍ എയര്‍പോര്‍ട്ട് സര്‍വിസസ്’ എന്ന കമ്പനിയുടെ ചെയര്‍മാന്‍ എട്ട് ഏക്കര്‍ നെല്‍വയല്‍ നികത്തി എയര്‍സ്ട്രിപ് പണിയാന്‍ അനുമതി തേടുന്ന ഒരപേക്ഷ 2004 മാര്‍ച്ച് എട്ടിന് ആറന്മുള ഗ്രാമപഞ്ചായത്തിന് നല്‍കിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി ആയത് ചില വ്യവസ്ഥകളോടെ അനുവദിച്ചു -അക്കൊല്ലം സെപ്റ്റംബര്‍ 22ന്. അതിനുശേഷം 50 സെന്‍റ് നെല്‍വയല്‍ ഇതേ എയര്‍സ്ട്രിപ്പിനുവേണ്ടി നികത്താന്‍ അടൂര്‍ ആര്‍.ഡി.ഒക്ക് അനുമതിയപേക്ഷ കൊടുത്തിരിക്കുന്നു. 2008 ഫെബ്രുവരി 25ന് മിച്ചഭൂമി നിയമപ്രകാരമുള്ള സ്ഥലപരിധിയില്‍നിന്നൊഴിവാക്കാന്‍ റവന്യൂ മന്ത്രിക്ക് അപേക്ഷ -ആറന്മുള എം.എല്‍.എ രാജഗോപാലന്‍ തങ്ങളെ ക്രിയാത്മകമായി സഹായിക്കുന്നുണ്ടെന്ന ടിപ്പണിയോടെ. 2009 ഡിസംബര്‍ 11ന് മറ്റൊരു അപേക്ഷ കേരള മുഖ്യമന്ത്രിക്ക്- കെ.ജി.എസ് എയര്‍പോര്‍ട്ട് കമ്പനിക്കുവേണ്ടി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ടി. നന്ദകുമാര്‍ വക. ആവശ്യം- ടി സ്ഥലത്ത് ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ എന്‍.ഒ.സി വേണം. ‘‘ഈ അപേക്ഷകള്‍ ലഭിച്ച ഒരധികാരിപോലും വിശദമായ പദ്ധതി റിപ്പോര്‍ട്ടോ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലഭിച്ചിട്ടുള്ള നിയമപരമായ അനുമതിപത്രങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നത് വിചിത്രമായിരിക്കുന്നു’’ എന്നാണ് ജോയന്‍റ് കമീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത്. പദ്ധതിയെയും പിന്നിലുള്ള വമ്പന്മാരെയും കുറിച്ചുണ്ടായിരുന്ന വിവരം, കിറ്റ്കോ ചെയര്‍മാനായിരുന്ന എ.എക്സ്. ജോസഫിന്‍െറ ഒരു കത്ത് മാത്രമാണ്. കേരള മുഖ്യമന്ത്രിക്ക് ഈ ഏര്‍പ്പാടിനെ സഹായിക്കണം എന്നഭ്യര്‍ഥിക്കുന്ന ഒരു ശിപാര്‍ശക്കത്ത്/വിമാനക്കമ്പനി ഹാജരാക്കിക്കൊണ്ടിരുന്ന മറ്റൊരു ‘രേഖ’, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്‍സല്‍ട്ടന്‍സി ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഡയറക്ടറേറ്റിലെ എക്സി. ഡയറക്ടര്‍ ഒരു വിന്‍സന്‍റ് ചാന്‍ ‘‘സ്ഥലം വ്യോമഗതാഗതത്തിന് ശിപാര്‍ശ ചെയ്യുന്നു’’ എന്നെഴുതിയ ഒരു കത്താണ്. ഈ രണ്ടു ശിപാര്‍ശക്കത്തുകള്‍ വെച്ചാണ് ഒരു പാടശേഖരത്തെ നെല്‍വയലുകളും നീര്‍ത്തടവും മണ്ണിട്ടുനികത്തുകയും സര്‍ക്കാര്‍ ഭൂമി കൈയേറുകയും ചെയ്തതെന്നോര്‍ക്കണം. ബന്ധപ്പെട്ട എല്ലാ അനുമതികളും കിട്ടിയശേഷം മാത്രം അവസാനം ചെയ്യേണ്ട പ്രവര്‍ത്തനമാണ് മണ്ണിടല്‍. ആയത് ആദ്യംതന്നെ ചെയ്തിരിക്കുന്നു. ജോയന്‍റ് കമീഷണറുടെ ഭാഷയില്‍, ‘‘for dubious seasons with the silent support from the local Revenue, Panchayath and Irrigation department officials.’’
സ്ഥലത്തെ 200 ഏക്കര്‍ ഭൂമി തങ്ങള്‍ വാങ്ങിക്കഴിഞ്ഞതായിട്ടാണ് 2008 ഫെബ്രുവരി 25നുള്ള അപേക്ഷയില്‍ ഈ പദ്ധതി വൈമാനികര്‍ അവകാശപ്പെട്ടിരുന്നത്. അത് വെച്ചുതന്നെ കേസെടുക്കാമായിരുന്ന കോഴഞ്ചേരി താലൂക്ക് ലാന്‍ഡ്ബോര്‍ഡ് ചെയര്‍മാന്‍, ഇക്കാര്യത്തിന്മേല്‍ ജോയന്‍റ് കമീഷണറുടെ കല്‍പന കിട്ടിക്കഴിഞ്ഞിട്ടും അനങ്ങിക്കൊടുത്തില്ല. ഗുരുതരമായ ഈ വീഴ്ചക്ക് ടിയാനെതിരെ നടപടിയൊന്നും ഇന്നോളമില്ല.
അനധികൃതമായി പുറമ്പോക്ക് കൈയേറി നികത്തിയ കാര്യം കോഴഞ്ചേരി അഡീഷനല്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫിസര്‍ 1.6 ഹെക്ടറിന്‍െറ കൈയേറ്റത്തെപ്പറ്റി 2008 ഫെബ്രുവരി എട്ടിനും 8.87 ഹെക്ടറിന്‍െറ കൈയേറ്റത്തെപ്പറ്റി ആറന്മുള വില്ലേജ് ഓഫിസര്‍ അക്കൊല്ലം ഫെബ്രുവരി 12നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തഹസില്‍ദാര്‍ നടപടിയൊന്നുമെടുത്തില്ല. പകരം, ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഹിയറിങ് നോട്ടീസയച്ചു. ഏഴു തവണ ആളെത്തിയില്ല. എട്ടാം തവണ ഹാജരായി. സമാന ഉഡായിപ്പാണ് സ്ഥലം സര്‍വേ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ താലൂക്ക് സര്‍വേയറും കാണിച്ചതെന്ന് ജോയന്‍റ് കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നികത്തിയ പുറമ്പോക്ക് തോട് വീണ്ടെടുക്കാന്‍ 19 ലക്ഷം രൂപ  ചെലവുവരുമെന്നും ആയത് എബ്രഹാം കലമണ്ണില്‍നിന്ന് റവന്യൂ റിക്കവറി നടത്തുകയും തോട് പുന$സ്ഥാപിക്കുകയും ചെയ്യാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് 2009 നവംബര്‍ 19ന് പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കത്തെഴുതിയിരുന്നു. ഇക്കാര്യത്തില്‍ നേരിട്ട് നടപടിയെടുക്കാന്‍ അധികാരമുള്ള ഇറിഗേഷന്‍ ഉദ്യോഗസ്ഥരടക്കം ആരും അനങ്ങിയില്ല. ഇക്കാര്യത്തിലെല്ലാം നടപടിയെടുക്കാന്‍ ചുമതലയുള്ള അടൂര്‍ ആര്‍.ഡി.ഒയും കണ്ണടച്ചുവെച്ച ജോയന്‍റ് കമീഷണര്‍ വെളിപ്പെടുത്തുന്നു. അതുകൊണ്ട്, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം പരിശോധിക്കുന്ന ഒരന്വേഷണം അനിവാര്യമാണെന്നു പറഞ്ഞ് ടിയാന്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അങ്ങനെയൊരു ശിപാര്‍ശയുണ്ടെന്ന ഭാവമേയില്ലാതെ കമ്പനിയും സര്‍ക്കാറിലെ സന്ധിബന്ധുക്കളുംകൂടി മുന്നേറുമ്പോഴാണ് ആറന്മുള പൈതൃക ഗ്രാമസംരക്ഷണ സമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
അതൊരുവശം. പ്രശ്നം പുകിലായപ്പോള്‍ സി.പി. മുഹമ്മദിന്‍െറ നേതൃത്വത്തില്‍ ഒരു നിയമസഭാ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായല്ലോ. ആറന്മുളയിലെ വിമാനത്താവള പദ്ധതികൊണ്ട് ഒരു പാരിസ്ഥിതിക പ്രശ്നവുമില്ലെന്ന പ്രചാരണത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഇങ്ങനൊരു സമിതിയെ നിയോഗിച്ചത്. വിമാനത്താവള കമ്പനിക്കുവേണ്ടി ഒരു തമിഴ് പരിസ്ഥിതി പഠനക്കമ്പനി കൊടുത്തിട്ടുള്ള റിപ്പോര്‍ട്ടായിരുന്നു അതുവരെയുള്ള സ്ഥിതിവിവരരേഖ. അതുപ്രകാരം പദ്ധതി പ്രദേശത്തിന്‍െറ പത്തു കിലോമീറ്റര്‍ റേഡിയസില്‍ സാംസ്കാരിക നിര്‍മിതികളില്ല, കുടിയൊഴിപ്പിക്കാന്‍ ജനങ്ങളില്ല, കൃഷിയില്ല, സംരക്ഷിക്കേണ്ട സസ്യശേഖരമോ മൃഗസമ്പത്തോ ഇല്ല. അഥവാ ക്ളീന്‍ തരിശുനിലമാണ് വികസനകുതുകികള്‍ പൊക്കിയെടുക്കാന്‍  ഉദ്യമിക്കുന്നത്. പുരാവസ്തുവകുപ്പ് സംരക്ഷിക്കുന്ന ശാസ്താംകുളങ്ങര ക്ഷേത്രവും കവിയൂര്‍ ഗുഹയും തൊട്ടുള്ള ചരിത്രസൗധങ്ങളുടെ കഥ തമിഴ് കൂട്ടുകൃഷിയുടെ ദൃഷ്ടിയില്‍പെടാത്തതുപോകട്ടെ, നമുക്ക് നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലേക്കുവരാം.
വിമാനത്താവള പദ്ധതിക്ക് അംഗീകാരം കൊടുക്കുന്നതിനുമ്പ് പദ്ധതിപ്രദേശത്തിന്‍െറ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പഠനം നടത്തേണ്ടതായിരുന്നു എന്ന ആമുഖത്തോടെ വരുന്ന റിപ്പോര്‍ട്ട് അക്കമിട്ട് വസ്തുതകള്‍ നിരത്തുന്നുണ്ട്:
നൂറ്റാണ്ടുകളായി കൃഷിചെയ്യുന്ന ഏക്കര്‍കണക്കിന് നെല്‍വയലുകളും കുടിവെള്ള സ്രോതസ്സുകളും നശിപ്പിച്ചുകൊണ്ടും ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ടുമുള്ള വികസനപ്രവര്‍ത്തനങ്ങളോട് സമിതിക്ക് തീരെ യോജിക്കാനാവില്ല. ആയതിനാല്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം നേരിട്ടനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായംകൂടി പരിഗണിക്കേണ്ടതാണെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.
വിമാനത്താവള പദ്ധതി ലക്ഷ്യമിട്ട് കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയ 350 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ തോട് ഉള്‍പ്പെടെ വലിയൊരളവ് റവന്യൂ പുറമ്പോക്ക് ഭൂമിയുള്ളതായി സമിതി മനസ്സിലാക്കുന്നു. റവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ അധികാരമില്ലെന്നിരിക്കെ കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയ ഭൂമിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍ തോടും റവന്യൂ പുറമ്പോക്ക് ഭൂമിയും മണ്ണിട്ടുനികത്തിയവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. ഈ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശചെയ്യുന്നു.
വര്‍ഷകാലങ്ങളില്‍ പമ്പാനദിയിലെ ജലവിതാനം ഉയരുമ്പോള്‍ ആറന്മുളയില്‍ വെള്ളപ്പൊക്കം ഉണ്ടാകാതെ സംരക്ഷിക്കുന്ന കോഴിത്തോടിനു കുറുകെ ഒരു പാലം നിര്‍മിക്കുന്നതിനുവേണ്ടി അപ്രോച്ച് റോഡിന് മണ്ണിട്ടുയര്‍ത്തിയപ്പോള്‍ വെള്ളത്തിന്‍െറ സ്വതന്ത്രമായ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുകയും തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. അതിനാല്‍, മണ്ണ് നീക്കംചെയ്ത് ജലത്തിന്‍െറ സ്വാഭാവിക ഒഴുക്ക് പുന$സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നു.
കോഴിത്തോടില്‍നിന്ന് വെള്ളം ലഭിക്കാതെ വന്നപ്പോള്‍മുതലാണ് പുഞ്ചപ്പാടങ്ങളിലെ കൃഷി നിലച്ചത്. നികത്തിയ സ്ഥലത്തെ മണ്ണ് മുഴുവന്‍ മാറ്റുന്നതിനും കോഴിത്തോട് പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുന്നതിനും കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.
വിമാനത്താവളം വ്യവസായമായി അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളുടെ സംസ്ഥാനത്തെ നോഡല്‍ വകുപ്പ് ഗതാഗതവകുപ്പാണെന്നിരിക്കെ വ്യവസായവകുപ്പ് കേന്ദ്ര ഗവണ്‍മെന്‍റ് പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുള്ള ആറന്മുള കൂടാതെ സമീപത്തുള്ള മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ എന്നീ വില്ലേജുകള്‍ അടങ്ങുന്ന പ്രദേശങ്ങളെ വ്യവസായമേഖലയായി പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്ന് സമിതി വിലയിരുത്തുന്നു. ആയതിനാല്‍ തീരുമാനം പുന$പരിശോധിക്കണമെന്നും ഭാവിയില്‍ ഒരു പ്രദേശത്തെ വ്യവസായമേഖലയായി പ്രഖ്യാപിക്കുംമുമ്പ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി ചര്‍ച്ച നടത്തണമെന്നും പ്രദേശവാസികളുടെ അഭിപ്രായം ആരായണമെന്നും സമിതി നിര്‍ദേശിക്കുന്നു.
നിലംനികത്തലിനെതിരെ ചില വ്യക്തികള്‍ ബഹു. ഹൈകോടതിയെ സമീപിച്ച് നിലം പുന$സ്ഥാപിക്കണമെന്ന വിധി സമ്പാദിച്ചിരുന്നതായും എന്നാല്‍, പ്രസ്തുത വിധി നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതായും മനസ്സിലാക്കുന്നു. ആയതിനാല്‍, പ്രസ്തുത വിധി അടിയന്തരമായി നടപ്പാക്കുന്നതിനും വിധി നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.
കോഴിത്തോട് മണ്ണിട്ട് നികത്തി ജലത്തിന്‍െറ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ഈ ഗുരുതരമായ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നിലംനികത്തിയവര്‍ക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കണമെന്ന് സമിതി ശിപാര്‍ശചെയ്യുന്നു.
വ്യവസായമേഖലയായി നോട്ടിഫൈ ചെയ്തതിനെ തുടര്‍ന്ന് പ്രസ്തുത പ്രദേശത്തുള്ള കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നതിനാല്‍ പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ജി.എസ് ഗ്രൂപ്പിന്‍െറ കൈവശമുള്ള ഭൂമിയൊഴികെ ബാക്കിയുള്ളവ ഡി-നോട്ടിഫൈ ചെയ്യാന്‍വേണ്ടി വ്യവസായവകുപ്പിന് നല്‍കിയിട്ടുള്ളതായി സമിതി മനസ്സിലാക്കുന്നു. ആയതിനാല്‍, കെ.ജി.എസ് ഗ്രൂപ്പിന്‍െറ കൈവശമുള്ള ഭൂമിയൊഴികെ ബാക്കിയുള്ളവ അടിയന്തരമായി ഡി-നോട്ടിഫൈ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സമിതി ശിപാര്‍ശചെയ്യുന്നു.
ആറന്മുള വിമാനത്താവളത്തിനുവേണ്ടി നെല്‍വയല്‍/നീര്‍ത്തടം നികത്തി മാറ്റം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷയൊന്നും സംസ്ഥാനതല അപ്രൂവല്‍ കമ്മിറ്റി മുമ്പാകെ വന്നിട്ടില്ലെന്നും കെ.ജി.എസ് ഗ്രൂപ്പ് ഭൂമി കണ്ടെത്തി സര്‍ക്കാറിന് അപേക്ഷ നല്‍കുമ്പോള്‍ 2008ലെ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ സമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. പ്രസ്തുത ഉറപ്പ് പാലിക്കപ്പെടണമെന്നും കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി കൊണ്ടുവന്ന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ ഈ വിഷയത്തില്‍ കര്‍ശനമായി പാലിക്കണമെന്നും ഈ നിയമം വരുന്നതിനുമുമ്പുള്ള കാലയളവില്‍ ടി പ്രദേശത്തെ നെല്‍വയല്‍ നികത്തിയവര്‍ക്കെതിരെ Land Utilisation Actലെ വ്യവസ്ഥകളനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.
വിമാനത്താവള നിര്‍മാണ പ്രദേശത്തെ സംബന്ധിച്ച് സംസ്ഥാനത്തെ എന്‍വയണ്‍മെന്‍റ്  ഇംപാക്ട് കമ്മിറ്റി ഒരു പഠനവും ഇതുവരെ നടത്തിയിട്ടില്ല എന്നാണ് സമിതിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഒരു പഠനം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും പഠനം നടത്തുന്നതിനും പൊതുജനങ്ങളില്‍നിന്നും ഹിയറിങ് നടത്തുന്നതിനും മുമ്പ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കെ.ജി.എസ് ഗ്രൂപ്പിന് ഡിഫന്‍സ് ക്ളിയറന്‍സ് ലഭിക്കുന്നതിന് അനുകൂലമായ ശിപാര്‍ശചെയ്യാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.
ഭരണകൂടത്തിന്‍െറതന്നെ രണ്ടു സുപ്രധാന വിഭാഗങ്ങള്‍ നല്‍കിയ മേപ്പടി റിപ്പോര്‍ട്ടുകള്‍ ‘വ്യോമവികസന’ത്തിന്‍െറ ശത്രുക്കള്‍ ചമച്ചതാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അതിലുപരി, ഈ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള നിയമലംഘനങ്ങളും അതിക്രമങ്ങളും ആസൂത്രിത കുത്സിതത്വങ്ങളും ഒരൊറ്റ പോയന്‍റിലേക്ക് വിരല്‍ചൂണ്ടുന്നു. വിമാനത്താവളം, വികസനം എന്നൊക്കെ പുകമറയിട്ട് ഭൂമി കവരാനുള്ള ശക്തിതന്ത്രം. ഇന്ത്യയില്‍ വ്യാപകമായി പുഷ്ടിപ്പെട്ടുവരുന്ന ഈ ആഭ്യന്തര കോളനിവത്കരണത്തിന് ആരാണ് ചുക്കാന്‍ പിടിക്കുന്നത്? ആര്‍ക്കുവേണ്ടി?
ഇത്ര നഗ്നമായ കവര്‍ച്ചയും ജനവിരുദ്ധതയും അരങ്ങേറിയിട്ടും അതിനെതിരെ ഒരുവിധ നടപടിയുമില്ലാതിരിക്കുകയും പകരം എയര്‍പോര്‍ട്ട് കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ക്കു വേണ്ട സൗകര്യമൊരുക്കാന്‍ പാടുപെടുകയും ചെയ്യുന്നത് ഭരണമുന്നണിയുടെ സാരഥികള്‍തന്നെയാവുമ്പോള്‍ സംശയങ്ങള്‍ പാടേ മറനീക്കുകയാണ്. ഒരു ഗ്രാമത്തിലെ ജനതക്ക് ആവശ്യമില്ലെന്ന് അവര്‍ ഒറ്റക്കെട്ടായി പറയുന്നൊരു പദ്ധതി അവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ സാധാരണ ഗതിയില്‍ ഒരു ജനാധിപത്യ സര്‍ക്കാറും തുനിയില്ല. അപ്പോള്‍ ഇവിടെ ഗതി അത്ര സാധാരണമല്ല, ജീവന്മരണ പോരാട്ടത്തിലാണ് മുഖ്യമന്ത്രിയും സംഘവും ആറന്മുളക്കാരെ മുട്ടുകുത്തിക്കാന്‍. കമ്പനിയുടെ സര്‍വ നിയമലംഘനങ്ങളും തമസ്കരിച്ച്, ഭാവിയിലുണ്ടായേക്കാവുന്ന മാര്‍ഗവിഘ്നങ്ങള്‍കൂടി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന പുതിയ നമ്പറാണ് പദ്ധതിയില്‍ പത്തു ശതമാനം ഓഹരിയെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം. അതിലെ കളി ലളിതം. 2000 കോടിയുടെ പദ്ധതിയില്‍ പത്തു ശതമാനം എന്നാല്‍, 200 കോടി. സര്‍ക്കാര്‍ ആ പണം മുടക്കുന്നില്ല. പകരം പദ്ധതിക്കാര്‍ കൈയേറിയതായി പറയുന്ന സര്‍ക്കാര്‍ ഭൂമി ഈ ഓഹരി വിഹിതമായി കല്‍പിച്ചങ്ങ് കൊടുക്കും. സര്‍ക്കാര്‍തന്നെ പങ്കാളിയായ പദ്ധതിയെ പിന്നെ ആരെതിര്‍ക്കാന്‍? കോടതി കനിയുമോ? ഇപ്പോള്‍തന്നെ സുഗതകുമാരിയുടെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച കേസുകെട്ടിന്‍െറ കഥ നോക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ചീഫ് ജസ്റ്റിസിന്‍െറ ബെഞ്ച് കേസ് സ്വീകരിച്ചത്. പതിവുപോലെ സര്‍ക്കാറിനൊരു നോട്ടീസ്പോയി. അല്ലാതെ ഒരു നാടിന്‍െറ ജീവല്‍പ്രശ്നമായി മാറുന്ന ഈ പരാതിക്കുമേല്‍ കൊല്ലം ഒന്നാകാറാവുമ്പോഴും നീക്കുപോക്കൊന്നുമില്ല. അതേസമയം, നിര്‍മാണശ്രമം മറുവശത്ത് തകൃതിയായി പുരോഗമിക്കുകയും ചെയ്യുന്നു. പണി തുടങ്ങിക്കഴിഞ്ഞ് കേസെടുമ്പോള്‍ എതിര്‍കക്ഷികള്‍ക്ക് വേറെ ന്യായങ്ങള്‍ നിരത്താം. ഭരണകൂടത്തിന് ജുഡീഷ്യറി ഒത്താശചെയ്യുകയാണെന്ന് ആരാനും പറഞ്ഞുപോയാല്‍ കോടതിക്ക് കലികയറും. ദീപസ്തംഭം ലൈനില്‍ സ്തംഭം പിടിച്ചിരിക്കുന്നത് വാ പൂട്ടി കണ്ടുകൊണ്ടിരുന്നാല്‍, പൗരാവലി മാന്യര്‍, ബത്സംഗികള്‍.
രസമതല്ല, കേരളസര്‍ക്കാര്‍ പദ്ധതിയില്‍ പങ്കാളികളാവുന്ന കഥ, കേരളത്തിലെ മന്ത്രിമാര്‍തന്നെ അറിയുന്നത് മുഖ്യമന്ത്രി സംഗതി കാബിനറ്റില്‍ വെക്കുമ്പോഴാണ്. അതിനും മൂന്നുമാസം മുമ്പേ എഡ്ജ് ഡെയ്ലിയും മലേഷ്യന്‍ സ്ട്രെയിറ്റ്സ് ടൈംസും  കൃത്യമായി ഈ പത്തു ശതമാനം ഓഹരിക്കഥ വാര്‍ത്തയടിച്ചിരുന്നു. കേരളത്തിലെ കാര്യങ്ങള്‍  ഇപ്പോള്‍ മലേഷ്യയിലാണോ തീരുമാനിക്കുന്നതെന്ന് ചോദിക്കരുത്- കേരളത്തിനുപുറത്ത് എവിടെയും തീരുമാനിക്കപ്പെടാം.
അതിനാണല്ലോ ധനകാര്യ ആഗോളീകരണം എന്നുപറയുന്നത്. രണ്ടുകൊല്ലം മുമ്പ് മലേഷ്യന്‍ പൊതുമേഖലാസ്ഥാപനമായി മാറ്റിയ ഒരു സ്വകാര്യ കമ്പനി ആറന്മുള ഏര്‍പ്പാടില്‍ 15 ശതമാനം ഓഹരിയെടുക്കുന്നതുമായി ചേര്‍ത്താണ് അന്നാട്ടിലെ പത്രങ്ങള്‍ കേരളസര്‍ക്കാറിന്‍െറ വീതക്കഥ പരസ്യപ്പെടുത്തിയത്.
കേരളസര്‍ക്കാര്‍ ഒരു സ്വകാര്യ പദ്ധതി സംരംഭത്തില്‍ പങ്കാളിയാവുന്നു എന്നതിനര്‍ഥം, ആറന്മുളക്കാരടക്കമുള്ള കേരളീയ ജനത പങ്കാളിയാവുന്നു എന്നാണ്. ഇതിനുള്ള അനുമതി ഒരു മുഖ്യമന്ത്രിക്ക് ആര്‍ നല്‍കി? ഏതായാലും ആറന്മുളക്കാര്‍ കൊടുത്തിട്ടില്ല, കഥ അത്രകണ്ടറിയാതെ ആട്ടം കാണുന്ന കേരളീയരും കൊടുത്തതായി അറിവില്ല. നിയമലംഘനങ്ങള്‍ക്കും ഒരു നാടിനെ സമരപ്രക്ഷുബ്ധമാക്കുന്ന ഹുങ്കിനും പ്രതിക്കൂട്ടിലാക്കേണ്ടവര്‍ക്ക് നാടുഭരിക്കുന്നയാള്‍ ദല്ലാള്‍സേവ ചെയ്യുമ്പോള്‍ ചിത്രം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ഓര്‍ക്കണം, പാര്‍ലമെന്‍റില്‍ രണ്ടു മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്കുത്തരമായി നല്‍കിയ പഴയ മറുപടികള്‍. ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് അനുമതി നല്‍കാന്‍ വേണ്ട വ്യവസ്ഥ (മറ്റൊരു സമീപ വിമാനത്താവളത്തില്‍നിന്ന് കുറഞ്ഞത് 150 നോട്ടിക്കല്‍ മൈല്‍ ദൂരത്താവണം പുതിയത്) പാലിക്കാനാവാത്തതുകൊണ്ട് ആറന്മുളക്ക് അനുമതിയില്ലെന്ന് വ്യോമയാനമന്ത്രി വയലാര്‍ രവി പറഞ്ഞതാണ് ആദ്യത്തേത്. കൊച്ചിയിലെ ഐ.എന്‍.എസ് ഗരുഡയുടെ ഫ്ളയിങ് സോണില്‍പെടുന്നതുകൊണ്ട് സുരക്ഷാപ്രശ്നങ്ങളുള്ളതാകയാല്‍ പ്രതിരോധവകുപ്പിന്‍െറ അനുമതിയില്ലെന്ന് വകുപ്പുമന്ത്രി ആന്‍റണി പറഞ്ഞതാണ് രണ്ടാമത്തേത്. ഇതുപറഞ്ഞ രണ്ടാളും മാസങ്ങള്‍ക്കകം വാക്കുവിഴുങ്ങി, ആവശ്യമായ അനുമതികള്‍ കൊടുത്തു. ആന്‍റണി പ്രതിരോധമന്ത്രി മാത്രമല്ല, കാബിനറ്റില്‍ രണ്ടാം റാങ്കുകാരന്‍കൂടിയാണ്. അപ്പോള്‍,അദ്ദേഹത്തിനു മീതെനിന്ന് ഈ അനാമത്ത് പണി ഒപ്പിച്ചെടുക്കണമെങ്കില്‍ രണ്ടേ രണ്ടു അധികാരകേന്ദ്രങ്ങളേ തല്‍ക്കാലം മിച്ചമുള്ളൂ. ഒന്ന്, പ്രധാനമന്ത്രിയുടെ ഓഫിസ്. രണ്ട്, യു.പി.എ അധ്യക്ഷയുടെ സംഘം. ഇതില്‍ ആരാണ് ജനേച്ഛയെ തൃണവത്ഗണിച്ച് ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്കുവേണ്ടി നിലകൊള്ളുന്നത്?
പ്രധാനമന്ത്രിയുടെ ഉപദേശി മുഖ്യന്‍ ടി.കെ.എ. നായരുടെ പേരുതൊട്ട് സോണിയയുടെ മരുമകന്‍ വധേരയുടെ പേരുവരെയാണ് ഉപശാലാവൃത്തങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാമന്‍െറ വ്യവസായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒന്നാമന്‍ ചരടുവലിക്കുന്നതായാലും അല്ലെങ്കിലും പൗരാവലിയെ സംബന്ധിച്ച് പ്രസക്തമായ വസ്തുത ലളിതമാണ്- സംസ്ഥാന ഭരണകൂടത്തെപോലും ഈ ഭൂമിതട്ടിപ്പിന് കേവലഗുണ്ടയാക്കാന്‍ തരിമ്പും മടിയില്ലാത്തവരാണ് നമ്മുടെ (സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍) സോസോസെ ജനാധിപത്യത്തിന്‍െറ അമരത്ത്. ഉമ്മന്‍ചാണ്ടി പാവം.
കേരള സര്‍ക്കാറിനെക്കൊണ്ട് ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ അറിവില്ലാതെ ഒരു ജനവിരുദ്ധ കൂട്ടുകൃഷിയില്‍ ഓഹരിയെടുപ്പിക്കുമ്പോള്‍ ആത്യന്തികലക്ഷ്യം പദ്ധതി നടപ്പാക്കിക്കുകയും അതിന്‍െറ പേരില്‍ കമ്പനി നടത്തിയ നിയമലംഘനങ്ങളെ പരിരക്ഷിക്കുകയുമാണെങ്കിലും സത്വരമായ മറ്റുചില ഇംഗിതങ്ങള്‍ ലീനമായുണ്ട്. ഇടതുസര്‍ക്കാറിന്‍െറ കാലത്ത് സ്ഥലം എം.എല്‍.എ രാജഗോപാലന്‍ വഴി സാധിച്ചെടുത്ത ഒരു നടപടിത്തിടുക്കമുണ്ടല്ലോ- അച്യുതാനന്ദനെക്കൊണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കെഴുതിച്ച ഇണ്ടാസ്. അതുവെച്ചാണ് നിലവിലുള്ള നിയമതടസ്സങ്ങള്‍ തൃണമാക്കി, 374 ഏക്കറില്‍ പോക്കുവരവ് സാധ്യമാക്കിയത്. ഈ വസ്തുവില്‍ സര്‍ക്കാര്‍വക പുറമ്പോക്കും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഓഹരിയെടുക്കുന്നതോടെ ആ പ്രശ്നം പരിഹരിക്കാം. എന്നാല്‍, അഡീഷനല്‍ തഹസില്‍ദാര്‍ക്ക് പോക്കുവരവ് നടത്താന്‍ നല്‍കിയ നിര്‍ദേശത്തില്‍, എബ്രഹാം കലമണ്ണില്‍ സമ്പാദിച്ച ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന്‍െറ പോക്കുവരവ് റദ്ദാക്കണമെന്ന് ജില്ലാ കലക്ടര്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. കാരണം, ടിയാനെതിരെയുള്ള മിച്ചഭൂമിപ്രശ്നം. 2012 നവംബര്‍ 29ന് കലക്ടര്‍ ഈ നിര്‍ദേശംവെച്ചത് കമ്പനിയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയാണെന്ന് പറയേണ്ടതില്ല. പേരില്‍ കൂട്ടിയ 345 ഏക്കറില്‍നിന്ന് കലമണ്ണിലിന്‍െറ ഭൂമി കിഴിച്ചാല്‍ വിസ്തീര്‍ണത്തില്‍ വലിയൊരു നഷ്ടം വരുന്നില്ലെങ്കിലും പദ്ധതിപ്രദേശത്തിന്‍െറ നിര്‍ണായകകേന്ദ്രം നഷ്ടപ്പെടും. അത് തടയാനുള്ള സൗകര്യപ്രദമായ മറകൂടിയാണ് സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം.
ചുരുക്കത്തില്‍, കേരളത്തിന്‍െറ ഭരണകൂടം നിഷ്പക്ഷതാനാട്യം കളഞ്ഞ് ഒരു പോരാട്ടത്തില്‍ പങ്കാളിത്തം പ്രഖ്യാപിച്ചുകഴിഞ്ഞു. വിമാനത്താവളം എന്ന മറയില്‍ സ്പെഷല്‍ ഇക്കണോമിക് സോണ്‍ സ്ഥാപിച്ചെടുക്കാന്‍ (മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി, സ്റ്റാര്‍ ഹോട്ടലുകള്‍, ഇന്‍റര്‍നാഷനല്‍ സ്കൂള്‍, മറ്റ് നിര്‍മിതികള്‍ ഇത്യാദിയാണ് വിമാനത്താവളത്തിനുപുറമെ നിര്‍മിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്) ഒരു സ്വകാര്യസംഘം നടത്തുന്ന ഗൂഢശ്രമത്തില്‍ തദ്ദേശവാസികളായ ഗ്രാമീണ ജനതക്കെതിരെ അവരുടെ സര്‍ക്കാറും പച്ചക്ക് നിലയുറപ്പിക്കുന്നു. ഒടുവില്‍ കേട്ടത്, എന്തുവിലകൊടുത്തും തറക്കല്ലിടാന്‍ ഒരുങ്ങുന്ന കമ്പനിക്കുവേണ്ടി സംസ്ഥാന പൊലീസിന്‍െറ ദ്രുതകര്‍മസേനയെ വിന്യസിക്കുമെന്നാണ്. കര്‍മം ദ്രുതമാക്കാന്‍ ഭരണകൂടത്തിന് ശക്തിപ്രയോഗമല്ലാതെ മറ്റ് മാര്‍ഗം പൊതുവേ വശമില്ലല്ലോ. വയലുനികത്തിയവനെയും പുറമ്പോക്കു കൈയേറിയവനെയും അതിനൊക്കെ കീശമണി പറ്റി ഒത്താശ ചെയ്ത സ്റ്റേറ്റ് ഗുമസ്തരെയും ശക്തിപ്പെടുത്തുകയും എതിര്‍വാ പറയുന്ന ഗ്രാമീണരെ ശക്തികൊണ്ട് കീഴ്പ്പെടുത്തുകയും എന്നു പരിഭാഷ. എന്തുകൊണ്ട് ഇത്രകണ്ടൊരു വാശി എന്ന ചോദ്യം സ്വാഭാവികമാണ്, പക്ഷേ, കാലികപരിവട്ടത്ത് അത് അസ്ഥാനത്തുമാണ്. കാരണമുണ്ട്.
ആറന്മുള ഒരു ടെസ്റ്റ് ഡോസാണ്. മലബാര്‍തൊട്ട് കുട്ടനാടുവരെ അസംഖ്യം കൃഷിയിടങ്ങളുടെ യഥാര്‍ഥ ഉടമസ്ഥത പല ബിനാമിപ്പേരുകളായി സ്വാധീനസമ്പത്തുകളുടെ ഊക്കുള്ള പലരും കൈവശമാക്കിക്കഴിഞ്ഞു. ആകപ്പാടെയുള്ള എടങ്ങേറ് നിലവിലുള്ള ഭൂനിയമങ്ങളും നാട്ടിലെ ചില പരമ്പരാഗത രാഷ്ട്രീയാദര്‍ശങ്ങളും മാത്രം. അത് മറികടക്കാന്‍ കഴിയില്ലെന്നല്ല, തല്‍ക്കാലം അതിനുള്ള ആയാസം ഒഴിവാക്കിവെക്കുന്നെന്നേയുള്ളൂ. നാട്ടിലെ പൊതുപരിസ്ഥിതി അനുകൂലമായിക്കഴിഞ്ഞാല്‍ ഇഷ്ടമുള്ള പ്രകാരം ഭൂവിനിയോഗം നടത്താം. ഈ മാഫിയാപ്രകൃതം നമ്മുടെ ഭരണകൂടവും ആര്‍ജിച്ചിട്ടുണ്ടെങ്കില്‍ കാര്യം എളുപ്പമായില്ലേ? ചെറിയൊരുദാഹരണം തരാം. കൊട്ടിഗ്ഘോഷത്തോടെ വന്ന് എട്ടുനിലയില്‍ പൊട്ടിപ്പോയ ‘എമര്‍ജിങ് കേരള’യുടെ വെബ്സൈറ്റ് നോക്കുക. ആറന്മുളക്കടുത്ത് വല്ലന എന്ന കുഗ്രാമത്തില്‍ 20 ഏക്കര്‍ ഭൂമി അതില്‍ സര്‍ക്കാറുതന്നെ വില്‍പനക്കുവെച്ചിട്ടുള്ളതുകാണാം. സ്ഥലം ചെന്നു നോക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ വില്‍പനവസ്തുവിന്‍െറ സ്ഥാനത്ത് കാണാനാവുക ലക്ഷണമൊത്ത ഒരു മലയാണ്. ഇംഗിതം ലളിതം- ഇതാ ടണ്‍കണക്കിന് മണ്ണ് തരപ്പെടുത്താന്‍ പറ്റിയ ഖനി. കൈപ്പറ്റി മല നികത്തി ‘വികസനം’ നുകരുക.
ഭരണകൂടംതന്നെ നാടുനികത്തി വികസിക്കാന്‍ സ്വകാര്യ മുഷ്ടികളെ പുഷ്ടിപ്പെടുത്തുമ്പോള്‍ ആറന്മുള ഒരു പ്രതീകവും പരീക്ഷണനിലവുമാവുകയായി. ഇവിടെ കക്ഷിഭേദം മറന്ന് ഒറ്റനാവായി നിലവിളിക്കുന്ന തദ്ദേശീയ ജനതയെ അവരുടെ ശത്രുപക്ഷത്തിനുവേണ്ടി കുരുതികൊടുക്കാന്‍ ഒരുങ്ങുകയാണ് ജനാധിപത്യഭരണകൂടം. സമരസമിതി നേതാവും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാര്‍ ആ സമീപഭാവിയെ ഇങ്ങനെ കാണുന്നു: ‘‘ഇവിടെ ഞങ്ങളില്‍ ചിലരുടെ ശവങ്ങള്‍ വീഴും. അത്തരമൊരു ഏറ്റുമുട്ടലിനു കളമൊരുക്കുകയാണ് സര്‍ക്കാര്‍. ജനവഞ്ചനയെ എതിര്‍ക്കുന്നവരെ തകര്‍ക്കുന്നതിനാവും വികസനം എന്നുപറയുക.’’
പത്മകുമാറും സംഘവും കെ.ജി.എസിന്‍െറ റണ്‍വേയില്‍ കുടിലുകള്‍ കെട്ടി കാത്തിരിക്കുന്നു. കുമ്മനം രാജശേഖരനും സംഘവും പൈതൃകഗ്രാമത്തിനു കാവലിരിക്കുന്നു. എല്ലാത്തിനും മൂകസാക്ഷിയായി, നീരൊഴുക്ക് ക്ഷയിച്ചുകഴിഞ്ഞ പമ്പാനദിയും.
 

No comments:

Post a Comment