Wednesday, April 24, 2013

ആറന്മുള യിൽ ശകതിവാഹിനിയുടെ പൊങ്കാല, ഭൂമി വന്ദനം

ലോക ഭൗമദിനത്തില്‍ആറന്മുള െപെതൃകഗ്രാമ കര്‍മസമിതിയുടെ വനിതാ വിഭാഗമായ ശക്‌തിവാഹിനി ഭൂമിദേവിയ്‌ക്ക്‌ പൊങ്കാലയിട്ട്‌ പൃഥ്വി സൂക്‌തം ചൊല്ലി പ്രണാമമര്‍പ്പിച്ചു. െപെതൃകഗ്രാമമായ ആറന്മുള യജ്‌ഞശാലയായി മാറി. ആറന്മുളയിലെ നെല്‍വയലുകളും നീര്‍ച്ചാലും നീര്‍ത്തടവും കാവുകളും നശിപ്പിച്ചുകൊണ്ട്‌ നിര്‍മിക്കുന്ന വിമാനത്താവളത്തിനെതിരേകൂടിയായിരുന്നു ഭൗമദിനത്തില്‍ഈ പരിപാടി  സംഘടിപ്പിച്ചത്.  

രാവിലെ 8 ന്‌ പുത്തരിയാലിന്‍ ചുവട്ടില്‍ ഭൂമിദേവിയെ പ്രതിഷ്‌ഠിച്ച പുഷ്‌പാലംകൃതമായ മണ്‌ഡപത്തിനുമുമ്പില്‍ സ്‌ഥാപിച്ച പണ്ടാര അടുപ്പില്‍ ചക്കുളത്തുകാവ്‌ ദേവീക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി അഗ്നി ജ്വലിപ്പിച്ചതോടെ ഭൗമദിനാഘോഷങ്ങള്‍ക്കു തുടക്കമായി. ഭൂമിദേവിയെ ദ്രോഹിക്കുന്നവര്‍ വരുംതലമുറയെ നശിപ്പിക്കുകയാണെന്നും ഭൂമിയൂടെ അനിയന്ത്രിതമായ പരിവര്‍ത്തനം സര്‍വനാശത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്‌ വീഥിക്ക്‌ ഇരുവശങ്ങളിലായി അടുപ്പുകൂട്ടി കലംവച്ച്‌ കാത്തുനിന്ന വീട്ടമ്മമാര്‍ക്കു പൂജാരി ദുര്‍ഗാദാസിന്റെ

നേതൃത്വത്തില്‍ പണ്ടാര അടുപ്പില്‍നിന്നു പൊങ്കാലവിളക്കുകള്‍ ജ്വലിപ്പിച്ചുനല്‍കിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. പൃഥ്വി സൂക്‌തങ്ങള്‍ ചൊല്ലി പൊങ്കാല കലത്തില്‍ അരിയിട്ട്‌ ഭൂമിദേവിയ്‌ക്ക്‌ നിവേദ്യം സമര്‍പ്പിച്ചു. പൊങ്കാലക്കലങ്ങളില്‍ നിവേദ്യം തിളച്ചുപൊങ്ങിയപ്പോള്‍ തിങ്ങിനിറഞ്ഞുനിന്ന സ്‌ത്രീകള്‍ വായ്‌ക്കുരവയിട്ട്‌ ഭൂമിയെ സ്‌തുതിച്ചു. പുരോഹിതന്‍ പൊങ്കാല നിവേദ്യത്തില്‍ തീര്‍ഥം തളിച്ചതോടെ ചടങ്ങുകള്‍ സമാപിച്ചു. അതിനുശേഷം ഭക്ഷ്യ പ്രതിസന്ധിക്കും ജലക്ഷാമത്തിനും കാലാവസ്‌ഥ വ്യതിയാനത്തിനും ആഗോള താപനത്തിനും ഒരേയൊരു പ്രതിവിധി ഭൂമിയെ സംരക്ഷിക്കുക എന്നുള്ള സന്ദേശം പ്രചരിപ്പിക്കാന്‍ ഭൂമീവന്ദനം എന്ന പരിപാടി സംഘടിപ്പിച്ചു.

 ശക്‌തിവാഹിനി പ്രസിഡന്റ്‌ വിജയമ്മ എസ്‌. പിള്ള അധ്യക്ഷത വഹിച്ചു.ഭൂമിയുടെ സംരക്ഷണം മാത്രമാണ്‌ മാനവസമൂഹത്തിന്റെ നിലനില്‍പ്പിന്‌ ആധാരമെന്നും, അന്നവും വെള്ളവും ജീവനു നല്‍കി മാനവസമൂഹത്തെ രക്ഷിച്ചുപോരുന്ന ഭൂമിയെ അമ്മയായി കരുതി ആദരിക്കാനും ബഹുമാനിക്കാനും സമൂഹം തയാറാകണമെന്നും ഭൂമി വന്ദനം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ െപെതൃക കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജേശേഖരന്‍ അഭിപ്രായപ്പെട്ടു. മാലേത്ത്‌ സരളാദേവി, ശ്രീകുമാരി മോഹന്‍, ശാന്തി വിജയന്‍ നായര്‍, താരാ ഉണ്ണികൃഷ്‌ണന്‍എന്നിവര്‍ പ്രസംഗിച്ചു.  സൂര്യ എസ്‌. കുമാര്‍ ഭൂമി ഗീതാലാപനം നടത്തി.

തങ്ങള്‍ക്ക്‌ തലമുറകളായി ലഭിച്ച ആറന്മുളയിലെ ഭൂമി െകെയടക്കി പരിവര്‍ത്തനം ചെയ്യാന്‍ ഒരു ശക്‌തിയേയും അനുവദിക്കുകയില്ലെന്നും പ്രമാണിമാരുടെ വികലവികസനങ്ങള്‍ ഞങ്ങള്‍ക്ക്‌ ആവശ്യമില്ലെന്നും പുത്തരിയാലിനെ സാക്ഷിയാക്കി വീട്ടമ്മമാര്‍ ഭൂമിസംരക്ഷണ പ്രതിജ്‌ഞയെടുത്തു. മഹത്തായ കാര്‍ഷിക സംസ്‌കൃതിയുടെ തിരുശേഷിപ്പായ പുത്തരിയാലിനെ െപെതൃകസ്‌മാരകമായി പരിരക്ഷിക്കുവാന്‍ കര്‍മ്മപദ്ധതി തയാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശക്തി വാഹിനി യുടെ ആഭിമുഖ്യത്തിൽ വിവിധ സ്ത്രീ ശാകതീ കരണ  പരിപാടികൾ  തുടർന്ന് നടത്തുവാൻ തീരുമാനിച്ചു.  

പൊങ്കാലയ്‌ക്കും ഭൂമിവന്ദനം പരിപാടികള്‍ക്കും കര്‍മ്മസമിതി സംസ്‌ഥാന സംയോജകന്‍ കെ. കൃഷ്‌ണന്‍കുട്ടി, കര്‍മ്മസമിതി ഭാരവാഹികളായ പി. ഇന്ദുചൂഡന്‍, പി. ആര്‍. ഷാജി, ജി. നരേഷ്‌, എന്‍.കെ. നന്ദകുമാര്‍, എന്‍.ജി. ഉണ്ണികൃഷ്‌ണന്‍, പ്രദീപ്‌ അയിരൂര്‍, കെ.ജി. സുരേഷ്‌, കെ.എം. ഭൂവനചന്ദ്രന്‍ കെ.എ. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോകൾ കടപ്പാട്: ശ്രീരംഗനാഥൻ കെ  പി , ആറന്മുള 

No comments:

Post a Comment