Sunday, April 7, 2013

ആറന്മുള: വയല്‍നികത്തിയകേസ്സില്‍വിജിലന്‍സ് അന്വേഷണം

ആറന്മുള വിമാനത്താവളത്തിനായി അനധികൃതമായി വയല്‍നികത്തിയകേസ്സില്‍ അടൂര്‍ ആര്‍.ഡി.ഒ.യും വില്ലേജ്, താലൂക്ക് ഓഫീസര്‍മാരും ഉള്‍പ്പെടെ പതിമൂന്നുപേര്‍ പ്രതികള്‍. അനധികൃതമായി വയല്‍ നികത്താന്‍ കൂട്ടുനിന്ന ഉദ്യേഗസ്ഥരുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി. പി.കെ.ജഗദീഷ് കോട്ടയം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. പദ്ധതിപ്രദേശത്ത്‌വരുന്ന ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ എന്നീ വില്ലേജുകളിലെ 2008 മുതലുള്ള ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരാണ് ഒന്നാം പ്രതിസ്ഥാനത്തുള്ളത്.

പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, 2008ലെ കോഴഞ്ചേരിയിലെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ ്‌ചെയര്‍മാന്‍, 2008 സപ്തംബര്‍ 15മുതല്‍ 2012 ഏപ്രില്‍ മൂന്നുവരെയുള്ള  കോഴഞ്ചേരി താലൂക്ക് സര്‍വേയര്‍, 2008 മുതല്‍ 2012 വരെയുള്ള കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍, അടൂര്‍ ആര്‍.ഡി.ഒ, ആറന്‍മുള ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ കെ.കെ.ജോസ്, ഡയറക്ടര്‍ കാലാമണ്ണില്‍ എബ്രഹാം ജോസ്, കെ.ജി.എസ്. ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ടി.നന്ദകുമാര്‍, ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍, മൗണ്ട് സിയോന്‍ എയര്‍പോര്‍ട്ട് സര്‍വീസ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, അനധികൃതമായി വയല്‍നികത്താന്‍കൂട്ടുനിന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതികള്‍.

എഫ്.ഐ.ആര്‍.പ്രകാരം ഗൂഢാലോചനയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ളവരെല്ലാം പ്രതിപ്പട്ടികയില്‍ വരും. അനധികൃത നെല്‍വയല്‍ നികത്തലില്‍ ജീവനക്കാരും പങ്കാളികളായിട്ടുണ്ടെന്നാരോപിച്ച് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരനാണ് വിജിലന്‍സില്‍ പരാതി സമര്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ്.സോമനാണ് 
കേസ്സെടുക്കാന്‍ ഉത്തരവിട്ടത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. അനില്‍ ഐക്കര, അഡ്വ. വി.എസ്.രാജന്‍ എന്നിവര്‍ ഹാജരായി.

No comments:

Post a Comment