Monday, June 10, 2013

ആറന്മുള പോലെ വയനാട് വിമാനത്താവളവും ചട്ട ലംഘനമാവും janayugam online

കല്‍പറ്റ: ആറന്മുളയിലേത് പോലെ വയനാട് വിമാനത്താവളവും നിലവിലെ ചട്ടങ്ങളുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറ്റന്‍പത് കിലോമീറ്ററിനുള്ളില്‍ രണ്ട് വിമാനത്താവളങ്ങളുള്ളതും നെല്‍വയലും ചതുപ്പും നികത്തി നിര്‍മിക്കുന്നതുമായ ആറന്മുള വിമാനത്താവളം നിലവിലുള്ള ചട്ടങ്ങളുടെ നഗ്നമായ ലംഘനമെന്നാണ് സീതാറാം യെച്ചൂരി അധ്യക്ഷനായ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
           ഇനിയും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത വയനാട് വിമാനത്താവളത്തിന്റെ കാര്യത്തിലും  ഇത് ബാധകമാവും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇരുനൂറ്റന്‍പത് ഏക്കറോളം നെല്‍വയല്‍ നികത്തി പനമരം, നടവയല്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചീക്കല്ലൂരില്‍ വിമാനത്താവളത്തിനായി നടപടികള്‍ നീങ്ങുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം 130 കിലോമീറ്റര്‍ പോലും ദൂരം ചീക്കല്ലൂരിലേക്കില്ല. മൈസൂര്‍ വിമാനത്താവളത്തിലേക്കും ദൂരം 150 കിലോമീറ്ററില്‍ കുറവാണ്. നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്കും ഏതാണ്ട് ഇതേ ദൂരമേ ചീക്കല്ലൂരില്‍ നിന്നുള്ളു. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആറന്മുളയുടെ കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുള്ളത്.

      ഇടത്തരം വിമാനങ്ങളുടെ ലാന്‍ഡിംഗ്, പറക്കല്‍ എന്നിവ മാത്രം ലക്ഷ്യമാക്കുന്ന എയര്‍സ്ട്രിപ്പെന്ന പേരിലാണ് വയനാട് വിമാനത്താവളം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്റെ സര്‍വെ ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ച കേരള വ്യവസായ വികസന കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്തതോടെ നിര്‍മിക്കുന്ന വിമാനത്താവളം എന്നുതന്നെയാണ് അറിയിപ്പില്‍ പറഞ്ഞിട്ടുള്ളത്. ഭാവിയിലെ വികസന സാധ്യത കൂടി ചേര്‍ത്തുള്ള സാമ്പത്തിക-പാരിസ്ഥിതിക റിപ്പോര്‍ട്ടാണ്  സര്‍ക്കാറിന് കെ എസ് ഐ ഡി സി കൈമാറിയത് .നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പ്രാരംഭ സര്‍വെയും മറ്റും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കെ എസ് ഐ ഡി സിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതനുസരിച്ച് വിമാനത്താവളത്തിന്റെ പാരിസ്ഥിതിക- സാമ്പത്തിക സാധ്യതാ പഠനം നടത്താന്‍ കെ എസ് ഐ ഡി സി ഏല്‍പ്പിച്ചത് ഡല്‍ഹി ആസ്ഥാനമായുള്ള നൈറ്റ് ഫ്രാങ്ക് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയായിരുന്നു. രണ്ട് തവണ സര്‍വെ ടീം നിര്‍ദിഷ്ട വിമാനത്താവളത്താവളത്തിനായി നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ യുക്തമെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍ പരിശോധിക്കാന്‍ എത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദൗത്യം നടത്താതെ തിരികെ പോവേണ്ടിവന്നു. പിന്നീട് ജില്ലാ കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയും പ്രദേശത്തിന്റെ ഭൂപടം വെച്ച് പരിശോധിച്ചും പ്രദേശത്തെ കാലാവസ്ഥയെ കുറിച്ച് പഠിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി അധികം വൈകാതെ ആരംഭിക്കും. ജില്ലയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന് ജനകീയമായ ആവശ്യം ഉയര്‍ന്നിരുന്നില്ല. 
          റെയില്‍വേ ലൈന്‍ വരെയുള്ള ആവശ്യങ്ങള്‍ക്കാണ് കൂട്ടായ മുറവിളി ഉയര്‍ന്നിട്ടുള്ളത്. 2011-12ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണ് വയനാട് വിമാനത്താവളം. സാധാരണക്കാരും പാവപ്പെട്ടവരും ചികില്‍സക്കായി ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇതിനായി പിന്നീട് ഒരുനടപടിയും പുരോഗമിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് ചുവപ്പുനാടയില്‍ ഒതുക്കി, വിമാനത്താവള പദ്ധതി സജീവമാക്കുകയായിരുന്നു സര്‍ക്കാര്‍.  നൂല്‍പ്പുഴ പഞ്ചായത്തില്‍ ആദിവാസികളും വയനാടന്‍ ചെട്ടിമാരും പരമ്പരാഗതമായി നെല്‍കൃഷി ചെയ്യുന്ന വയല്‍ വിമാനത്താവളത്തിനായി പിരിശോധിക്കാനെത്തിയത് ജനങ്ങള്‍ കൂട്ടായി എതിര്‍ത്തിരുന്നു, പിന്നീടാണ് പനമരം, നടവയല്‍  വില്ലേജുകളില്‍ ഉള്‍പ്പെട്ട ചീക്കല്ലൂരില്‍ ഇരുനൂറ്റന്‍പത് ഏക്കറോളം നെല്‍വയല്‍ വിമാനത്താവളത്തിന് യോജിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം കണ്ടെത്തിയത്. ഇവിടെ പരമ്പരാഗതമായി നെല്‍കൃഷി ചെയ്ത് ജീവിക്കുന്ന വൈഷ്ണവ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് കൂടുതലായുള്ളത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികള്‍ നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്കെതിരെ സമരത്തിലാണ്. അഖിലേന്ത്യാ കിസാന്‍സഭ അടക്കമുള്ള കര്‍ഷക സംഘടനകളും നെല്‍വയല്‍ നികത്തിയുള്ള വിമാനത്താവളത്തിന് എതിരായ നിലപാട് സ്വീകരിച്ചു.
          നാട്ടില്‍ ജനകീയ പ്രക്ഷോഭം നടന്നെങ്കിലും ഇത് പരിഗണിക്കാതെ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം സര്‍ക്കാറിന് സമര്‍പ്പിക്കുകയായിരുന്നു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മാര്‍ഗരേഖയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ കസ്തീരിരംഗന്‍ കമ്മിറ്റി അതീവ പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 13 വില്ലേജുകളില്‍ നടവയലും പനമരവും ഉള്‍പ്പെടുന്നില്ല. ഇത് വിമാനത്താവളത്തിന് അനുകൂലമായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം വന്‍തോതിലുള്ള വയല്‍ നികത്തലും തരംമാറ്റലും വയനാടന്‍ കാലാവസ്ഥയെ തകിടം മറിച്ചതായുള്ള പഠനങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Courtesy : Janayugam Online

2 comments:

  1. Kerala has 4 International airports, including Kannur. We have 2 more airports, Mangalore and Coimbatore, close to our state borders. No other state has so many airports. No need for any more airports. We need 4 lane highways and Double line railways connecting these airports to major towns. Thomas Simon

    ReplyDelete
  2. @tsimon Its certainly a matter of question, do we need this much airports?

    ReplyDelete