Monday, December 23, 2013

ജയന്തിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്‌ ആറന്മുള അനുമതി വൈകിയതിനാല്‍

 ആറന്മുളയിലെ വിവാദമായ വിമാനത്താവള പദ്ധതിക്ക്‌ അനുമതി നല്‍കാന്‍ വൈകിയതില്‍ ‘ഗാന്ധി കുടുംബ’ത്തിലുണ്ടായ അതൃപ്തി ജയന്തി നടരാജന്റെ രാജിക്കു കാരണമായതായി സൂചന. ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക്‌ വനം-പരിസ്ഥിതി മന്ത്രാലയം ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റില്‍ അതൃപ്തിക്കു കാരണമായിരുന്നു. നിരവധി തവണ കേരളത്തിലെ
കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടിട്ടും പാരിസ്ഥിതികാനുമതി നല്‍കാന്‍ ജയന്തി നടരാജന്‍ തയ്യാറായിരുന്നില്ല. ആറന്മുളയിലെ പദ്ധതി നടത്തിപ്പുകാരായ കെജിഎസ്‌ ഗ്രൂപ്പിനു പിന്നില്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയാണെന്ന്‌ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ഒഴിഞ്ഞുകൊണ്ട്‌ ജയന്തി നടരാജന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ രാഹുല്‍ഗാന്ധി ഫിക്കി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ നടത്തിയ പരാമര്‍ശങ്ങളും രാജിയേപ്പറ്റി അഭ്യൂഹത്തിന്‌ കാരണമായിരുന്നു. വലിയ പദ്ധതികള്‍ക്ക്‌ തടസ്സമുണ്ടാക്കാന്‍ പരിസ്ഥിതി മന്ത്രിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ സാധിക്കുന്ന സ്ഥിതിയാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ എതിര്‍ത്തുകൊണ്ട്‌ രാജികാരണം വിശദമാക്കിയ ജയന്തി നടരാജന്‍ ഏതെങ്കിലും പദ്ധതിക്കു പാരിസ്ഥിതികാനുമതി നല്‍കുന്നതിന്‌ താന്‍ എതിരു നിന്നിട്ടില്ലെന്ന്‌ വ്യക്തമാക്കി. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നില്ല. 92 ശതമാനം പാരിസ്ഥിതിരാനുമതിയും നല്‍കേണ്ടത്‌ സംസ്ഥാന സര്‍ക്കാരുകളാണ്‌, അവര്‍ പറഞ്ഞു. 

പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനേ തുടര്‍ന്നാണ്‌ തന്നെ മാറ്റിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ രംഗത്തെത്തിയ ജയന്തി നടരാജന്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി ചുമതല ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെട്ടതിനാല്‍ സ്വയം രാജിവയ്ക്കുകയായിരുനെന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സോണിയാഗാന്ധി നേരിട്ട്‌ ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ്‌ ജയന്തി നടരാജന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്ന്‌ സൂചനകളുണ്ടായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുമായി മുന്നോട്ടു പോകുന്നതില്‍ ക്രൈസ്തവ സഭയ്ക്കുള്ള അതൃപ്തി കേന്ദ്രമന്ത്രിയുടെ രാജിക്കു കാരണങ്ങളിലൊന്നായി കരുതപ്പെടുന്നുണ്ട്‌. പരിസ്ഥിതി മന്ത്രിലയത്തിനെതിരെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച ബിഷപ്പുമാര്‍ കടുത്ത ഭാഷയിലാണ്‌ അതൃപ്തി രേഖപ്പെടുത്തിയത്‌. ഇതും ജയന്തി നടരാജന്റെ രാജിക്കു കാരണമായിട്ടുണ്ടാവാം. വിവാദ വിജ്ഞാപനം പിന്‍വലിച്ചതിനു പിന്നാലെ രാജിപ്രഖ്യാപിച്ചതാണ്‌ വിവാദമുയരാന്‍ കാരണം

No comments:

Post a Comment