Friday, February 14, 2014

കേരളത്തിന്‌ പ്രതീക്ഷ നൽകി ആറന്മുള

അനീതികൾകണ്ടു മടുത്ത കേരളത്തിന്‌ പ്രതീക്ഷയുടെഒരു  പുതിയ അദ്ധ്യായം ആകുകയാണ് ആറന്മുള.  കേരളം ഒട്ടുക്കു നിന്ന് ആറന്മുളയിൽ എത്തുന്ന, പിന്തുണ അറിയിക്കുന്ന, എല്ലാവരും ഒറ്റ മനസ്സാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ വിമാനതാവളവിരുദ്ധ സത്യാഗ്രഹവേദി സാക്ഷ്യം വഹിക്കുന്നത് കടുത്ത നിലപാടുകൾക്കുള്ള ആഹ്വാനങ്ങൾക്ക്‌ കൂടിയാണ്.    പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാട്,  ഭൂമിയെ അമ്മയായി കണ്ട ഒരു നാട്, അടുത്ത കാലത്ത്  ആരും ചോദ്യം ചെയ്യാനില്ല എന്ന ഭാവത്തിൽ ജീവൻ ദായിനിയായ പ്രകൃതിക്ക് മേൽ നടക്കുന്ന ആക്രമണങ്ങൾ കേരളത്തിന്റെ മക്കൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. ആറന്മുള ഒരു തുടക്കം ആകുകയാണ്. അത് അപേക്ഷയുടെ സ്വരം അല്ല, ശക്തിയുടെ ഭാഷയാണ്, താക്കീതാണ്. അതൊരു ഗ്രാമ വിശുദ്ധിയുടെ ഭാവ പകർച്ചയാണ്.

ആറന്മുള വിമാനതാവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന
സത്യാഗ്രഹത്തിൽ എല്ലാവരും അത് തന്നെയാണ് പറഞ്ഞത്. അധിനിവേശാനന്തര കേരളം വൈദേശികം ആയ ഭ്രാന്തൻ വികസന സ്വപ്നങ്ങൾ കുടഞ്ഞു കളയുകയാണ്, തങ്ങൾക്ക് എന്താണ് വേണ്ടതെന്ന്, എന്താണ് വേണ്ടാത്തത് എന്ന് ഉറക്കെ പറയുകയാണ്‌.. അതൊരു തുടക്കം ആണ്. ജാതി, മത, കക്ഷി രാഷ്ട്രീയതിനെല്ലാം അതീതമായി ഉള്ള കൂട്ടായ്മയാണ് ആറന്മുളകാണുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം അലയടിക്കുന്ന പിന്തുണ അതാണ്‌ കാട്ടിതരുന്നത്.


കേരളത്തിന്റെ പ്രകൃതിയുടെ വേദന നെഞ്ചേറ്റിയ കവയിത്രി സുഗതകുമാരി പീഡിതയാകുന്ന പാപനാശിനി പമ്പയുടെ കരയിൽ ഏറ്റെടുത്തിരിക്കുന്നത് ചരിത്ര ദൗത്യം തന്നെയാണ്.      ഇവിടെ ഈ സമരത്തിന്‌ പിന്നിൽ അണിനിരന്നിട്ടുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും ജീവൻനൽകാൻ മടിക്കുന്നവർ അല്ല എന്ന്, അത് ബന്ധപ്പെട്ടവർ തിരിച്ചറിയണം എന്ന് ഏകോപന സമിതി കോ ഓര്ടിനെറ്റർ, സി പി എം നേതാവും മുൻ എം എൽ എ യുമായ, എ പദ്മകുമാർ പറയുമ്പോൾ അത് കേരളത്തെ സ്നേഹിക്കുന്നവർ പൂർണ്ണ മനസ്സോടെ ഉള്കൊള്ളുകയാണ്. അത് നാളത്തെ കേരളം എങ്ങിനെയാവണം, എന്നതിന്റെ മാർഗ്ഗരേഖ വരച്ചിടുകയാണ്. കേരളം ഒട്ടാകെ ആറന്മുളകൾ ഉദിച്ചുയരും എന്ന് മുൻ  മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞതും അതെ അർത്ഥത്തിൽ തന്നെ.

ഈ മണ്ണിന്റെ ശത്രുക്കൾ ആരെന്നുതിരിച്ചറിയുകയാണ് കേരളം. അകത്തും പുറത്തും അവരുണ്ട്,
സ്വാർത്ഥതയുടെ, കാപട്യത്തിന്റെ ആസുര ശക്തികൾ. അവർ പല ഭാഷകളിൽ, പല ഭാവങ്ങളിൽ, പല തലങ്ങളിൽ കിനാവള്ളി പിടി മുറുക്കുകയായിരുന്നു. അത് ഒന്നൊന്നായി അഴിയാൻ തുടങ്ങുന്നു. ഹിന്ദു സംഘടനകളും, പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്ട്ടികളും, കലാ, സാംസ്കാരിക പ്രവർത്തകരും എല്ലാം ഭേദ ചിന്തകൾ മറന്ന് ഈ മണ്ണിനു വേണ്ടി ഒത്തു ചേരുമ്പോൾ ആറന്മുള മുന്നോട്ടു വെയ്ക്കുന്നത് ഒരു ധർമ്മ സമരം തന്നെ യാണ്. ഈ മലയും കാവും അരുവികളും വയലേലകളും പമ്പ നദിയും വിശ്വാസങ്ങളും ഒക്കെ ആയുള്ള പാരസ്പര്യം ആണ് നമ്മുടെ പൈതൃകം എന്ന്, അതിനു തകർച്ച ഉണ്ടായാൽ അത് അടുത്ത തലമുറയോട് ചെയ്യുന്ന കൊടിയ പാതകം ആവുമെന്ന്, എന്ത് വില കൊടുക്കേണ്ടി വന്നാലും അതനുവദിക്കില്ല എന്ന് ആർ എസ് എസ് പ്രാന്ത പ്രമുഖ് ഗോപാലൻകുട്ടി മാസ്റ്റർ പറയുമ്പോൾ അത് ഭൂമി ദേവിയുടെ വാക്കാകുന്നു.       


അത്യാർത്തിയുടെ കഴുകൻ കണ്ണുകൾ നോട്ടമിടുന്ന, കൊത്തികീറുന്ന, കേരളത്തിന്റെ പ്രകൃതി, അത് കണ്ടു നെഞ്ചുരുകികരയുന്ന ഇന്നാട്ടുകാർ. അധിനിവേശം പുതിയ വേഷങ്ങളിൽ ചുറ്റിനും അദൃശ്യമായ വേലികെട്ടുകൾ നിർമ്മിaക്കുമ്പോൾ, അതിനു മാന്യത ലഭിക്കുമ്പോൾ,  തടയിടാൻ ആവാതെ അമ്പരന്നു നില്ക്കുന്ന നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ. സ്വന്തക്കാരും ശത്രു പാളയത്തിൽ കൂലി പട്ടാളം ആയി മാറുമ്പോൾ അവർക്ക് പ്രതികരിക്കാൻ പോലും ആവാതെ മരവിച്ചു നില്ക്കേണ്ടി വരുന്നു. അവിടെ ആറന്മുള പുതിയൊരു മാതൃക മുന്നോട്ടു വെച്ച് കഴിഞ്ഞു. വരുന്ന നാളുകൾ എങ്ങോട്ടാണ് നീങ്ങുക എന്നതു് ഇപ്പോൾ പറയാൻ ആവില്ല. ശത്രുക്കൾ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു.                


പ്രകൃതി രമണീയം ആയ, പൈതൃക സമ്പത്തുകളുടെ ഈറ്റില്ലം ആയ, ആത്മാഭിമാനം
തീറേഴുതാൻതയ്യാറല്ലാത്ത ആറന്മുള ഒരു പ്രതീകം ആണ് എന്ന് ശ്രീമതി സുഗതകുമാരി പറയുമ്പോൾ അതിനു ഒരുപാട് മാനങ്ങൾ ഉണ്ട്. ഇക്കഴിഞ്ഞ രണ്ടര വര്ഷത്തോളം ആയി കടുത്ത പരീക്ഷണങ്ങൾ നേരിട്ട് കൊണ്ട് സമരത്തിന്‌ നേതൃത്വം നൽകുന്ന ആറന്മുള  പൈതൃക ഗ്രാമ കർമ്മ സമിതിയുടെ ചുക്കാൻ പിടിക്കുന്ന കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പം കർമ നിരതരായ സമര ഭടന്മാരും ഒരു പുതിയ കേരളത്തിന്‌ തുടക്കം ഇട്ടു കഴിഞ്ഞു. സ്വാതന്ത്ര്യാനന്തര കേരളം ആറന്മുളയെ ഉറ്റു നോക്കുകയാണ്. ഇവിടെ മോചനത്തിന്റെ കാഹളം മുഴങ്ങുകയാണ്. 


നാടൊട്ടുക്കുള്ള വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തുന്ന സത്യഗ്രഹികൾ, വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, കലാകാരന്മാർ, പ്രകൃതി സ്നേഹികൾ ഒക്കെ ഒരു പുതിയ കേരളത്തിന്‌ കർമഭടന്മാർ ആകുന്നതിനു തയ്യാറായി തന്നെയാണ് മുന്നോട്ടു വന്നിരിക്കുന്നത്. സമീപ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും
അത്ഭുതാവാഹം ആണ്. ആറന്മുളയുടെ ഓരോ തുടിപ്പും അവിടെയെല്ലാം പ്രതിധ്വനിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. ദിവസങ്ങൾ കഴിയും തോറും ജനകീയ അടിത്തറ വിപുലം ആയി കൊണ്ടിരിക്കുന്ന ആറന്മുള വിമാന താവള വിരുദ്ധ സമരം നാടൊട്ടുക്ക് അനീതികൾക്കെതിരെ പുതിയ ജന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്ന് ഉറപ്പാണ്.
ജീവൻ നിലനിർത്തുന്ന പ്രകൃതിയോടുകാട്ടുന്ന കൊടും ക്രുരതകൾ, നാടിന്റെ തനതു സംസ്കാരത്തിനും ജനങ്ങൾക്കും തരിമ്പും വില കൽപ്പിക്കാത്ത കരാളമായ പുതിയ ഭരണകൂടത്തോട് ആറന്മുളപറയുന്നത് ഇനി ക്ഷമിക്കില്ല എന്ന് തന്നെയാണ്. ജന രോഷത്തിന്റെ മല വെള്ളപാച്ചിൽ തുടങ്ങിയാൽപമ്പയുടെ കരയിൽഎന്തൊക്കെ കട പുഴകും എന്ന് പ്രവചിക്കാൻ ആവില്ല.                                                                                         

1 comment:

  1. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി കേരളത്തിൽ നടക്കുന്ന അവസാനത്തെ സമരമാകട്ടെ ആറന്മുളയിലേത് ... വിജയാശംസകൾ !!!

    for more please visit us on www.maprithvi.blogspot.com

    ReplyDelete