Sunday, February 16, 2014

സത്യാഗ്രഹ പന്തലിൽ പടയണി ഉറഞ്ഞു തുള്ളിയപ്പോൾ


കൊയ്ത്തുത്സവങ്ങളുടെ നിറച്ചാർത്തുമായി പടയണി അരങ്ങേറിയപ്പോൾ കാടു കയറിയ പുഞ്ച പാടങ്ങളുടെ കരയ്ക്ക്‌ പുതു ജീവൻ. ആറന്മുള വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ സത്യാഗ്രഹ പന്തലിൽ തപ്പ് കൊട്ടി യക്ഷിയമ്മ താള ഭംഗിയിൽ നിറഞ്ഞാടി. തങ്കമ്മ പൊടിയമ്മ എന്നിവർ പാടിയ കൊയ്ത്തു പാട്ടും പുതുമയായി. സത്യാഗ്രഹ വേദിയിൽ ആറാം ദിവസം പൈതൃക ഗ്രാമം അതിന്റെ പൈതൃക കലകൾ അവതരിപ്പിക്കാൻ കൂടി തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും.


ചൂട്ടു തെളിച്ചു വള്ളപ്പാട്ട് പാടി അവരെ നാട്ടുകാർ സ്വീകരിച്ച് ആനയിച്ചപ്പോൾ പഴയ പടയോട്ടങ്ങളുടെ, ഗതകാല പ്രൌഡികളുടെ, പുളക ചാർത്ത്, ഓർമ്മകൾ വീണ്ടും. നെല്ലും പൊന്നും തരാൻ പ്രാർത്ഥിച്ചിരുന്ന ഉർവ്വരതയുടെ ദേവതകൾ, ജനങ്ങളുടെ അശ്രദ്ധ മൂലം വയലുകൾ അനാഥം ആയി, ഇനി ഈ കാവും കുന്നും വയലും കൂടി നശിച്ചാൽ എവിടെ പോകും എന്ന് ചോദിക്കുമ്പോൾ എല്ലാവരും അന്യോന്യം നോക്കി. ശത്രു നിഗ്രഹം കഴിഞ്ഞ ഭദ്രയുടെ തീക്കണ്ണ് തണുപ്പിക്കാൻ ഭൂതഗണങ്ങൾ നൃത്തം ആടിയെന്ന ഐതിഹ്യം.
ഓതറ പുതുക്കുളങ്ങര പടയണി സംഘം സജികുമാർ ആശാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഈ ക്ഷേത്ര കലയിൽ രതീഷ്‌, വൈശാഖ് എന്നിവർ കോലം കെട്ടി, തപ്പും പാട്ടും ആയി രമേശ്‌ കുമാർ,സാജൻ, ശ്യാം, വിഷ്ണു, തുടങ്ങിയവർ പിന്നണി നല്കി.

രാവിലെ വിവിധ പാർട്ടി പ്രവർത്തകർക്കൊപ്പം എടത്വ
പഞ്ചായത്ത്‌ അംഗങ്ങളും പ്രകടനം ആയി സത്യാഗ്രഹ വേദിയിൽ എത്തി. പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ്‌ റവ.ഫാ. മാത്യൂസ്‌ വാഴക്കുന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ജനപക്ഷം പ്രസിഡന്റ്‌ കെ രാമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

ഈ പദ്ധതി പ്രകൃതി വിരുദ്ധം ആണ്, സാമൂഹ ദ്രോഹം ആണ്, മനുഷ്യത്വ രഹിതം ആണ് എന്ന് ഫാ. മാത്യൂസ്‌ പറഞ്ഞു. മതവും മതവിരുദ്ധതയും അല്ല ആറന്മുളയിൽ വിഷയം എന്നു, സംസ്കാരത്തെയും ജീവിതത്തെയും വിൽക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെ ജി എസ് ഗ്രൂപ്പ്‌ ന്റെ സാമ്രാജ്യം ബൈബിൾലെ ബാബേൽ കൊട്ടാരം പോലെ തകരും എന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീ തട സംസ്കാരം എന്ന നിലയില ഞാനും ഹിന്ദു തന്നെ. ഒരു തികഞ്ഞ മതേതര വാദി എന്ന നിലയിൽ നിങ്ങൾക്കൊപ്പം ഈ ദുഷ്ട ലാക്കോടെ ഉള്ള പദ്ധതിക്ക് എതിരെ ഞാനുണ്ടാവും എന്നും തന്റെ. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. മാത്യൂസ്‌ പറഞ്ഞു.

കേരളീയ സംസ്കൃതിയുടെ വിളനിലം ആയ, പുണ്യ ഭൂമിയായ ആറന്മുളയിൽ കെ ജി എസ എന്ന ഈ വിമാന താവള കമ്പനിക്ക്‌ തുടരാൻ യാതൊരു യോഗ്യതയും ഇല്ല അവരെ ഇവിടെ നിന്ന് പറഞ്ഞയക്കെണ്ടതുണ്ട എന്ന് കെ രാമൻ പിള്ള പറഞ്ഞു. ശബരിമല തീർഥാടകരെ വരെ കാരണം ആയി കാട്ടിയ ഈ പദ്ധതി സമാനതകൾ ഇല്ലാത്ത ഐക്യം സൃഷ്ടിച്ചപ്പോൾ ഇവിടെ വിജയം ഉറപ്പാകുകയാണ്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹ്യ സംഘടനകൾ
എന്നിവയെ പ്രതിനിധീകരിച്ചു നേതാക്കൾ സംസാരിച്ചു. വത്സമ്മ മാത്യു, ശരത് ചന്ദ്രകുമാർ, (സി പി ഐ), പ്രസാദ്‌ എം ഭാസ്കർ (ബി ജെ പി ), ഉഷ ജി നായർ (സി പി എം ), മുരളീധര കുറുപ്, കെ പി സോമൻ, മണികുട്ടൻ ചെലെക്കാട്, തുടങ്ങിയവര സംസാരിച്ചു. ചന്ദ്രമോഹൻ, ആറന്മുള വിജയകുമാർ, ജയമാധവ് മാധവശേരിഎന്നിവർ കവിതകൾ ആലപിച്ചു.   

 സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത പൈതൃക ഗ്രാമ കർമ്മ സമിതി വർക്കിംഗ് പ്രസിഡന്റ്‌  അഡ്വ. ഹരിദാസ്  കുന്നുകൾ ഇടിക്കാൻ ആവശ്യപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട്  അത് പോലെ ഒരു കുന്ന് നിർമ്മിക്കാൻ താങ്കള്ക്ക് കഴിയുമോ എന്ന് ചോദിച്ചു.  അടുത്ത കാലത്തായി ഒരു തരം വികസന മാഫിയ ഭ്രാന്തൻ പദ്ധതികളുമായി ഇറങ്ങുകയാണ്, അവർക്ക് സാമാന്യ ബുദ്ധിപോലും നഷ്ട്ടപ്പെട്ട അവസ്ഥയാണ്. ആറന്മുളയിൽ അവർക്ക് അന്താരാഷ്ട്ര വിമാന താവളം പോയിട്ട്
ഒരു മുട്ടുസൂചി പോലും കൊണ്ടുവരാൻ അനുവദിക്കില്ല. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ, നിയമ വാഴ്ചയുടെ, അടിസ്ഥാന സങ്കല്പ്പങ്ങളെ തന്നെ ഇവിടെ ചോദ്യം ചെയ്തിരിക്കുകയാണ്. നീതി ബോധത്തിന്, നിയമങ്ങൾക്ക്, പുല്ലുവില കൽപ്പിച്ച്, ഭൂമി വാങ്ങി കൂട്ടുക, ഒരു നദി തന്നെ മണ്ണിട്ട്‌ നികത്തുക, അതിനെതിരെനടപടി എടുത്ത മിടുക്കരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുക. നിയമലംഘനം നടത്തി നേടിയ, രേഖകൾ ഇല്ലാത്ത മിച്ചഭൂമി, സ്വന്തം പേരിൽ ആക്കി മാറ്റുക. ഇങ്ങിനെ നിയമ ലംഘനങ്ങളുടെ ഒരു പരമ്പര ആണ് ആറന്മുള കണ്ടത്, ജനങ്ങൾ എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോൾ പറയാൻ ആവില്ല, അഡ്വ. ഹരിദാസ്‌ പറഞ്ഞു.                                    
ശ്രീ എ  പദ്മകുമാർ, സ്വാഗതവും, ശ്രീ ജോസഫ്‌ നന്ദിയും പറഞ്ഞു.

No comments:

Post a Comment