Thursday, May 30, 2013

റവന്യു മന്ത്രിയുടെ നീക്കം ഭൂപ്രഭുക്കന്മാര്‍ക്കു വേണ്ടി: കുമ്മനം


തിരുവനന്തപുരം: ആറന്മുള വിമാനത്താവള കമ്പനിയെ ഭൂപരിധി നിയമത്തില്‍ നിന്ന്‌ ഒഴിവാക്കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനം ഭൂരഹിത ദരിദ്ര ജനവിഭാഗങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണെന്ന്‌ ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി രക്ഷാധികാരി കുമ്മനംരാജശേഖരന്‍ പറഞ്ഞു. ഭൂരഹിതരല്ല, ഭൂപ്രഭുക്കന്മാരാണ്‌ ഈ സര്‍ക്കാരിന്‌ വലുതെന്ന്‌ മന്ത്രി സംശയാതീതമായി തെളിയിച്ചു കഴിഞ്ഞു. ആറന്മുളയില്‍ വിമാനത്താവളത്തിനു വേണ്ടി വാങ്ങിയ 232 ഏക്കര്‍ നിമയപ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഭൂഉടമയെ ഒഴിവാക്കുമെന്ന്‌ പറയുന്നത്‌ വിരോധാഭാസമാണ്‌.

ലാന്‍ഡ്‌ ബോര്‍ഡിന്റെ മിച്ചഭൂമി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്‌ വിമാനത്താവള കമ്പനി സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്ത്‌ സ്റ്റേ വാങ്ങിയിരിക്കെ, കമ്പനിക്കുവേണ്ടി നിയമം ഇളവ്‌ ചെയ്യുമെന്ന്‌ മന്ത്രി പറയാന്‍ പാടില്ലായിരുന്നു. കോടതിയലക്ഷ്യക്കുറ്റമാണ്‌ മന്ത്രി നടത്തിയിട്ടുള്ളത്‌. ഹൈക്കോടതിയില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സര്‍ക്കാര്‍ എതിര്‍ കക്ഷിക്കുവേണ്ടി കോടതിക്കു പുറത്തു വാദിക്കുന്നത്‌ കോടതിയോടുള്ള അവഹേളനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന്‌ കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുതാല്‍പര്യത്തിനുവേണ്ടി മാത്രമേ ഭൂപരിധിനിയമത്തില്‍ ഇളവ്‌ അനുവദിക്കാവൂ എന്നാണ്‌ വ്യവസ്ഥ. പൊതുതാല്‍പര്യമെന്തെന്ന്‌ അറിയാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണം. പൊതുജനങ്ങളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ സര്‍ക്കാരിന്‌ തീരുമാനമെടുക്കാന്‍ കഴിയൂ. അതിനു മുമ്പ്‌ മന്ത്രിസഭ കൂടി ഏകപക്ഷീയമായി ഇളവ്‌ അനുവദിക്കുന്നത്‌ നിയമവിരുദ്ധവും ഭരണ യന്ത്രത്തെ ദുരുപയോഗപ്പെടുത്തലുമാണ്‌.

ഈ നീക്കത്തില്‍ നിന്ന്‌ പിന്തിരിയണമെന്ന്‌ റവന്യു സെക്രട്ടറിക്ക്‌ നല്‍കിയ നിവേദനത്തില്‍ കര്‍മ്മസമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ആറന്മുളക്കാര്‍ വിമാനത്താവളത്തിന്‌ അനുകൂലമാണെന്ന റവന്യു മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്‌. വിമാനത്താവളത്തിനെതിരെ ഏതാണ്ട്‌ ആയിരത്തോളം കുടുംബങ്ങള്‍ ഒപ്പിട്ട ഹര്‍ജി ഒന്നരവര്‍ഷം മുമ്പ്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. നിയമസഭാ കമ്മിറ്റിയും വിവിധ പാര്‍ളമെന്ററി കമ്മിറ്റികളും വിമാനത്താവളം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചു മാത്രം വിമാനത്താവളം നിര്‍മ്മിക്കാനാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. പാരിസ്ഥിതിക നിയമങ്ങളും ഭൂനിയമങ്ങളും ലംഘിച്ചുകൊണ്ട്‌ മുന്നോട്ടുപോകാനാണ്‌ ഈ സര്‍ക്കാരിന്റെ ശ്രമം. ലാന്‍ഡ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ച ആറന്മുള മിച്ചഭൂമിയിലെ ഓരോ ഇഞ്ചും ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും മറ്റ്‌ ദരിദ്രജനവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. അത്‌ അവരുടെ ജന്മാവകാശമാണ്‌. പത്തുലക്ഷം വരുന്ന ഭൂരഹിതരായ ദളിത്‌ ആദിവാസി ജനവിഭാഗത്തിന്‌ നാളിതുവരെ ഭൂമി ലഭിക്കാതെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച്‌ ദുരിതമനുഭവിക്കുമ്പോള്‍, മിച്ച ഭൂമി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ പതിച്ചു നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കാനാവില്ല.

ആറന്മുളയിലെ സമരം വിമാനത്താവളത്തിനെതിരായി മാത്രമുള്ളതല്ല, നെല്‍വയല്‍ സംരക്ഷിക്കുന്നതിനും ഭൂരഹിതര്‍ക്ക്‌ മിച്ചഭൂമി നേടുന്നതിനും വേണ്ടിയുള്ള ജനകീയ മുന്നേറ്റം കൂടിയാണ്‌. കുടിവെള്ള ക്ഷാമം മൂലം ജനം കഷ്ടപ്പെടുമ്പോള്‍ നീര്‍ത്തടങ്ങള്‍ നികത്തുന്നതും ഭൂരഹിത ദരിദ്ര ജനവിഭാഗങ്ങള്‍ ഭൂമിക്കുവേണ്ടി പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ മിച്ചഭൂമി കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ പതിച്ചു നല്‍കുന്നതും ജനദ്രോഹകുറ്റങ്ങളാണ്‌. ഇതിനെതിരെ ആറന്മുള കേന്ദ്രീകരിച്ച്‌ ജനകീയ പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കും.

പത്രസമ്മേളനത്തില്‍ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, പ്രവീണ്‍ചന്ദ്രന്‍, ഹരികുമാര്‍ എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment