Thursday, August 1, 2013

കുമ്മനം രാജശേഖരൻ -- സംഭവങ്ങള്‍ക്കുത്തരവാദി ശിവദാസന്‍ നായര്‍:---


പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ വച്ച്‌ വള്ളസദ്യയുടെ ഉദ്ഘാടനവേളയില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദി ശിവദാസന്‍ നായര്‍ എംഎല്‍എ ആണെന്ന്‌ ആറന്മുള പൈതൃകഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനെതിരെ ഉണ്ടായിട്ടുള്ള ശക്തമായ ജനകീയ പ്രതിഷേധം മൂലം പൊതുജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ എംഎല്‍എ മനഃപൂര്‍വ്വം പ്രകോപനമുണ്ടാക്കി വള്ളസദ്യ അലങ്കോലപ്പെടുത്താനും മുതലെടുപ്പു നടത്താനുമാണ്‌ ക്ഷേത്രത്തിലെത്തിയത്‌. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക്‌ പള്ളിയോടസേവാസംഘം എംഎല്‍എയെ ക്ഷണിച്ചിട്ടില്ല. വിളക്കുകൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കുവാനുള്ള ശ്രമം ഭക്തജനങ്ങളില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കി. അതിനെ തെല്ലും വകവയ്ക്കാതെ വിളക്കുകൊളുത്തുവാന്‍ എംഎല്‍എ ശ്രമിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം.

വിമാനത്താവള പദ്ധതി ആറന്മുളയെയും ക്ഷേത്രത്തെയും പമ്പാനദിയെയും വിനാശകരമായി ബാധിക്കുമെന്ന ശക്തമായ ജനാഭിപ്രായത്തെ മാനിക്കാന്‍ എംഎല്‍എ നാളിതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടാണ്‌ ആറന്മുള വള്ളംകളിയും വള്ളസദ്യയും മറ്റുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളില്‍നിന്നും എംഎല്‍എയെ ഒഴിവാക്കിയത്‌. ഈ തീരുമാനം പള്ളിയോടസേവാസംഘവും പോലീസും എംഎല്‍എയെ അറിയിച്ചിരുന്നതുമാണ്‌. പക്ഷേ അതൊന്നും അദ്ദേഹം വകവച്ചില്ല.

വിമാനത്താവളപ്രശ്നത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ എംഎല്‍എ ആസൂത്രിതമായി ചില കരുനീക്കങ്ങള്‍ മുന്‍കൂട്ടി നടത്തിയ ശേഷമാണ്‌ ക്ഷേത്രത്തിലെത്തിയത്‌. ക്ഷേത്രത്തിനുപുറത്ത്‌ ഒരു സംഘം ഗുണ്ടകള്‍ സംഘടിച്ചു നിന്നിരുന്നു. എംഎല്‍എയെ വിളക്കുതെളിയിക്കുന്നതില്‍നിന്നും ജനങ്ങള്‍ തടഞ്ഞുവെന്ന വാര്‍ത്ത പരന്നതോടെ അക്രമികള്‍ ആയുധങ്ങളുമായി പ്രകടനം നടത്തി. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. ആറന്മുള പൈതൃകഗ്രാമകര്‍മസമിതി പ്രസിഡന്റ്‌ പി. ഇന്ദുചൂഡന്‍ തുടങ്ങിയ നേതാക്കളുടെ വീടും കര്‍മസമിതി ഓഫീസും പോലീസ്‌ സ്റ്റേഷനും ആക്രമിച്ചു. എംഎല്‍എയുടെ നടപടികളും അക്രമപ്രവര്‍ത്തനങ്ങളും ആസൂത്രിതമായിരുന്നുവെന്ന്‌ വ്യക്തം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment