Friday, August 2, 2013

ആറന്മുള സംഭവത്തില്‍ സൂത്രധാരന്‍ പി.ജെ. കുര്യന്‍: കുമ്മനം


പത്തനംതിട്ട: കെ. ശിവദാസന്‍നായര്‍ എംഎല്‍എയെ മുന്നില്‍നിര്‍ത്തി ആറന്മുളയില്‍ കലാപവും രക്തച്ചൊരിച്ചിലുമുണ്ടാക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഗൂഢാലോചന നടത്തിയതിന്‌ വ്യക്തമായ തെളിവുകളുണ്ടെന്നും ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും ആറന്മുള പൈതൃകഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആറന്മുള ക്ഷേത്രത്തില്‍ വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങിലേക്ക്‌ നിര്‍ബന്ധപൂര്‍വ്വം പി.ജെ. കുര്യന്‍ ശിവദാസന്‍നായരെ തള്ളിവിടുകയായിരുന്നു. കുര്യന്റെ ഗൂഢലക്ഷ്യം ആറന്മുള ക്ഷേത്രത്തില്‍ പോലീസ്‌ ഇടപെടലും തുടര്‍ന്ന്‌ സംഘട്ടനവും രക്തച്ചൊരിച്ചിലുമായിരുന്നു. ഇത്‌ സംഭവിക്കാത്തതിലുള്ള കടുത്ത നിരാശമൂലമാണ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പോലീസിനെ കുറ്റപ്പെടുത്തുന്നത്‌. വേണ്ടത്ര പോലീസ്‌ ഇല്ലാതിരുന്നെന്നും സംരക്ഷണം ലഭിച്ചില്ലെന്നും എംഎല്‍എയും പരാതിപ്പെടുന്നു. നൂറുകണക്കിന്‌ പോലീസിന്റെ സംരക്ഷണയില്‍ ക്ഷേത്രത്തില്‍ വിളക്ക്‌ കൊളുത്തണമെന്നും ഭക്തജനങ്ങളുമായി ഏറ്റുമുട്ടലുണ്ടാകണമെന്നും വള്ളസദ്യ അലങ്കോലപ്പെടണമെന്നും ഈ നേതാക്കള്‍ ആഗ്രഹിച്ചു. ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്വം പൈതൃകഗ്രാമകര്‍മസമിതിയുടെ തലയില്‍ കെട്ടിവച്ച്‌ പുതിയൊരു പ്രചാരതന്ത്രം ആവിഷ്കരിക്കാമെന്നും വിമാനത്താവളവിഷയത്തെ വഴിതിരിച്ച്‌ വിടാമെന്നും കരുതിയിരുന്നു. പക്ഷേ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങള്‍ നടന്നത്‌. സംഭവമുണ്ടായ ഉടനെ കുര്യന്‍ കോഴഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടതിലും പോലീസിനെ മാത്രം കുറ്റപ്പെടുത്തിയതിലും എംഎല്‍എയെ കെജിഎസ്‌ ഗ്രൂപ്പ്‌ എംഡി സന്ദര്‍ശിച്ചതിലും ദുരൂഹതയുണ്ട്‌.

ആറന്മുള സംഭവത്തിന്റെ സൂത്രധാരനായിരുന്നു കുര്യന്‍. പോലീസും ഭക്തജനങ്ങളും തമ്മിലൊരു സംഘട്ടനം ഉണ്ടാകാതെ പോയതില്‍ ഈ നേതാക്കള്‍ക്ക്‌ അതിയായ കുണ്ഠിതമുണ്ട്‌. ക്ഷേത്രത്തിനുള്ളില്‍ സാധിക്കാതെ വന്ന അക്രമപ്രവര്‍ത്തനങ്ങള്‍ പുറത്ത്‌ നടത്തി പകരംവീട്ടാന്‍ ഗുണ്ടാസംഘത്തെ ഈ നേതാക്കള്‍ നിയോഗിച്ചിരുന്നു. അവരാണ്‌ പോലീസ്സ്റ്റേഷനും കര്‍മസമിതി നേതാക്കളുടെ വീടുകളും ബോര്‍ഡുകളും അക്രമിച്ചത്‌. മൂവിക്യാമറാ ദൃശ്യങ്ങള്‍ നോക്കിയാണ്‌ ശിവദാസന്‍നായരെ തടഞ്ഞവരെ കണ്ട്പിടിച്ച്‌ അറസ്റ്റ്‌ ചെയ്തതെന്ന്‌ പറയുന്ന പോലീസ്‌ നേതാക്കളുടെ വീടും പോലീസ്സ്റ്റേഷനും ആക്രമിച്ചവരെ വീഡിയോദൃശ്യങ്ങള്‍ വഴി കണ്ടുപിടിക്കുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

ജൂലൈ 31ന്‌ വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശിവദാസന്‍നായര്‍ എംഎല്‍എ എത്തിയത്‌ മരണവീട്ടില്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാണ്‌. അന്തരിച്ച ഇലന്തൂര്‍ വലിയപരിയാരം പുളിവേലില്‍ താഴേപ്പുരയില്‍ മണിയമ്മയുടെ വീട്ടില്‍ രാവിലെ 10.30ന്‌ എംഎല്‍എ എത്തി.


അന്തിമോപചാരം അര്‍പ്പിച്ചശേഷം നേരെ ആറന്മുളക്ഷേത്രത്തില്‍ എത്തുകയായിരുന്നു. 11 മണിക്ക്‌ ക്ഷേത്രം ദേവസ്വം ഓഫീസില്‍ ഇരുന്നശേഷം ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. ഇത്‌ ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ്‌. വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക്‌ കൊളുത്താന്‍ എംഎല്‍എ തള്ളിക്കയറിയത്‌ മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കാനായിരുന്നുവെന്ന്‌ വ്യക്തമാണ്‌. ഭക്തജനങ്ങളില്‍ നിന്നും പ്രതിഷേധം സ്വാഭാവികമായി ഉണ്ടായതാണ്‌. എംഎല്‍എ ക്ഷേത്രദര്‍ശനം നടത്തിയതിനെയോ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെയോ ആരും തടഞ്ഞിട്ടില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി അഡ്വ.കെ. ഹരിദാസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment