Thursday, August 22, 2013

ആറന്മുള എംഎല്‍എ കേസ്‌ ദുരുദ്ദേശ്യപര്യം: കുമ്മനം രാജശേഖരന്‍


ആറന്മുള വള്ളസദ്യയുടെ ഉദ്ഘാടനവേളയില്‍ എംഎല്‍എയായ കെ. ശിവദാസന്‍ നായരുടെ ഷര്‍ട്ട്‌ കീറിയത്‌ സംബന്ധിച്ച്‌ വധോദ്യമത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത പോലീസ്‌ നടപടി ദുരുദ്ദേശ്യപരവും കേട്ടുകേള്‍വി ഇല്ലാത്തതുമാണ്‌. ഒരേ സംഭവത്തിന്റെ പേരില്‍ രണ്ട്‌ കുറ്റത്തിന്‌ രണ്ട്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്ത്‌ മനഃപൂര്‍വ്വം നിരപരാധികളായവരെ കുടുക്കുകയും പീഡിപ്പിക്കുകയുമാണ്‌. വയര്‍ലെസ്‌ സെറ്റ്‌ നശിപ്പിച്ചുവെന്നാരോപിച്ച്‌ ആദ്യം എടുത്ത കേസില്‍ ഷര്‍ട്ട്‌ കീറിയ സംഭവം പോലീസ്‌ പറയുന്നില്ല. നാല്‍മണിക്കൂറുകള്‍ക്ക്‌ ശേഷം ശിവദാസന്‍ നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വധോദ്യമത്തിന്‌ മറ്റൊരു കേസ്‌ എടുത്തത്‌. എംഎല്‍എയുടെ ഒരു ഷര്‍ട്ട്‌ കീറിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കുകയും വധോദ്യമവും ആരോപിച്ച്‌ നീണ്ട 22 ദിവസം എട്ട്‌ പേരെ ജയിലില്‍ അടച്ചു.


കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തു. ഇത്‌ മനുഷ്യാവകാശ ധ്വംസനവും നിയമചരിത്രത്തില്‍ ആദ്യ സംഭവവുമാണ്‌. നിയമത്തെയും പോലീസിനെയും സര്‍ക്കാരിനെയും ദുരുപയോഗം ചെയ്ത്‌ തന്റെ പ്രതിയോഗികളെ തെരഞ്ഞെടുപിടിച്ച്‌ പകവീട്ടുകയും ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തെ എങ്ങനെയും തകര്‍ക്കുകയുമാണ്‌ എംഎല്‍എയുടെ ലക്ഷ്യം. ഒരു ഷര്‍ട്ട്‌ കീറിയ കേസില്‍ ഇത്രയേറെ വാശിയും കാര്‍ക്കശ്യവും കാട്ടുന്ന പോലീസ്‌ തങ്ങളുടെ സ്റ്റേഷന്‍ പട്ടാപ്പകല്‍ അക്രമിക്കുകയും ജനമൈത്രി പോലീസ്‌ സ്റ്റേഷന്‍ എന്ന ബോര്‍ഡ്‌ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ട്‌ ഒരു നടപടിയും സ്വീകരിക്കുന്നില്ല? ആറന്മുള സമരസമിതി നേതാക്കളുടെ വീടുകള്‍ തകര്‍ത്തവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നു. അന്തസ്സും അഭിമാനവും ഒരു എംഎല്‍എയ്ക്ക്‌ മുന്നില്‍ അടിയറവയ്ക്കുന്ന നിലയിലേക്ക്‌ പോലീസ്സേന നാണംകെട്ട രീതിയില്‍ തരം താഴുന്നത്‌ ലജ്ജാകരമാണ്‌. നാടിനും പോലീസിനും അപമാനമാണ്‌. പി.സി ജോര്‍ജ്ജ്‌ എംഎല്‍എയെ നടുവഴിയില്‍ തടഞ്ഞ്‌ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ്സുകാരെക്കുറിച്ച്‌ ശിവദാസന്‍ നായരും പോലീസും സ്പീക്കറും എന്തെ ഒന്നും മിണ്ടുന്നില്ല?
ആറന്മുള വിമാനത്താവള വിരുദ്ധ സമരം പൂര്‍വ്വാധികം കരുത്തോടെയും ജനപങ്കാളിത്തത്തോടെയും തുടരുക തന്നെ ചെയ്യും. കള്ളക്കേസില്‍ കുടുക്കി സമരസേനാനികളെ ജയിലിലടച്ച്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്ന്‌ വ്യാമോഹിക്കേണ്ടതില്ല. എംഎല്‍എയും, എം.പിയും രാജ്യസഭാഉപദ്ധ്യക്ഷനും ആറന്മുളയെ വില്‍ക്കാനും ഒറ്റുകൊടുക്കാനും നേതൃത്വം നല്‍കിയവരാണ്‌. പുണ്യപമ്പാനദിക്കും ആറന്മുള ക്ഷേത്രത്തിനും തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടത്തിനും പളളിയോടത്തിനും വിനാശമുണ്ടാകുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഈ ജനപ്രതിനിധികളെ ആറന്മുളയിലെ പൊതുപരിപാടികളില്‍ അതിഥികളാക്കാന്‍ സമ്മതിക്കില്ല. ജനവികാരം മനസ്സിലാക്കി ചടങ്ങുകളില്‍ നിന്ന്‌ ഒഴിവായി മാറിനില്‍ക്കാന്‍ ഇവര്‍ സ്വയം തയ്യാറാവണം.

ആറന്മുള നെല്‍പ്പാടവും നീര്‍ത്തടവും നികത്തിക്കൊണ്ടുള്ള പദ്ധതിക്കുവേണ്ടി കോടികളുടെ വെട്ടിപ്പും തട്ടിപ്പും നടന്നിട്ടുണ്ട്‌. സരിത എസ്‌. നായരും ഈ ജനപ്രതിനിധികളും ചേര്‍ന്ന്‌ നടത്തിയ പണമിടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണം. പ്രത്യേകിച്ച്‌ എം.പിയായ ആന്റോ ആന്റണിക്കും സഹോദരനും എതിരെ കേരള കോണ്‍ഗ്രസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണ്‌.
മൃതദേഹത്തില്‍ റീത്ത്‌ വച്ച്‌ അന്തിമോപചാരം അര്‍പ്പിച്ചശേഷം ആറന്മുളക്ഷേത്രത്തിന്റെ 18 പടിചവിട്ടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച എംഎല്‍എയുടെ നടപടി ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ പരിഹാര നടപടി സ്വീകരിക്കണം. തെറ്റിന്‌ ബോര്‍ഡ്‌ കൂട്ട്‌ നില്‍ക്കരുത്‌. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌.
മൂന്ന്‌ ജനപ്രതിനിധികള്‍ക്കെതിരായ ബഹിഷ്കരണ നടപടികള്‍ തുടരണമെന്നും പരിഹാരക്രിയകള്‍ വേണമെന്നുമുള്ള ആവശ്യമുന്നയിച്ച്‌ എല്ലാ പള്ളിയോടകരകളിലും വ്യാപകമായ പ്രചരണപരിപാടികള്‍ ആരംഭിക്കും.
പള്ളിയോട സേവാസംഘം ഈ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ കരകളോടൊപ്പം നില ഉറപ്പിക്കണം. ജനപങ്കാളിത്തത്തോടെ ആറന്മുള ജലോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിന്‌ എല്ലാവിധ പിന്തുണയും സഹായവും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി വാഗ്ദാനം ചെയ്യുന്നു.

No comments:

Post a Comment