പൈതൃകനഗരമായ, കാര്‍ഷിക സംസ്ക്കാരം നിലനില്‍ക്കുന്ന പമ്പയെ ജലസമ്പുഷ്ടമാക്കുന്ന ആറന്മുളയില്‍ ഒരു വിമാനത്താവളം കൊണ്ടുവരാനുള്ള നീക്കം പരിസ്ഥിതി വാദികളുടെ മാത്രമല്ല, മാധവ് ഗാഡ്ഗിലിന്റെ വരെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ തന്നെ മൂന്ന് വിമാനത്താവളങ്ങളുള്ളപ്പോള്‍ 150 കിലോമീറ്ററിനുള്ളില്‍ രണ്ട് എയര്‍പോര്‍ട്ട് പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കാന്‍ ശ്രമം നടക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ‘മരുമകന്‍ ഇഫക്ട്’ ആണ് ഇതിന് പിന്നില്‍ എന്നും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്ര ആറന്മുള വിമാനത്താവള നിര്‍മാണത്തിന് തുനിയുന്ന കെജിഎസ് ഗ്രൂപ്പിലെ ഷെയര്‍ഹോള്‍ഡര്‍ ആണെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, ആന്റോ ആന്റണി എംപി എന്നിവരാണ് വിമാനത്താവള നിര്‍മാണ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഈ പദ്ധതി ദുരൂഹതകള്‍ നിറഞ്ഞതാണ്. എബ്രഹാം കാരമണ്ണില്‍ ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പേരില്‍ വാങ്ങിയ പുഞ്ചവയലില്‍ മത്സ്യം വളര്‍ത്തലാണ് ലക്ഷ്യം എന്ന് പരിസ്ഥിതിവാദികളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രചാരണം അഴിച്ചുവിട്ടപ്പോഴും ഈ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അജണ്ട ‘വികസനം’ ആണ്. സമീപമുള്ള കുന്നിടിച്ച് നിരത്തി പുഞ്ച നികത്താനുള്ള നീക്കത്തിനെതിരെ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടിച്ചു.
എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത് കോഴഞ്ചേരിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സിയോണ്‍ എഞ്ചിനീയറിംഗ് കോളേജിലെ എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സിന്റെ എയര്‍സ്ട്രീപ്പിന് വേണ്ടിയായിരുന്നു. നിലംനികത്തലിന് അനുവാദവും പോലീസ് സംരക്ഷണവും നല്‍കിയ ഹൈക്കോടതി നികത്തിയ നെല്‍പ്പാടത്ത് നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നു. പക്ഷെ പ്രകൃതിദത്തമായ സംരക്ഷണ സംവിധാനങ്ങളൊക്കെ നശിപ്പിച്ച് ജലലഭ്യതയ്ക്ക് അനിവാര്യമായ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാക്കി ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക നാശമാണ് വിമാനത്താവള നിര്‍മാണ കമ്പനി വിഭാവനം ചെയ്തത്.
“ആറന്മുളയെ സംരക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന പരിസ്ഥിതി കണ്‍വെന്‍ഷനില്‍ അധിനിവേശ തന്ത്രങ്ങള്‍ ആറന്മുളക്കെതിരെ ചെലുത്തുന്നു എന്ന് കവി രമേശന്‍ നായരും ആറന്മുള മിച്ചഭൂമി കേസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നു എന്ന് പൈതൃക ഗ്രാമസമിതി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രസ്താവിച്ചു. ഈ വിഷയത്തില്‍ ദുരൂഹത പടര്‍ത്തി മിച്ചഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാറുള്ള സുശീലാ ഭട്ടിനെ വിലക്കി അഡ്വക്കേറ്റ് ജനറല്‍ സ്വയം ഹാജരായതുമാണ്. കേരള സര്‍ക്കാരും കെജിഎസ് അനുഭാവികളാണ്.
രാഷ്ട്രീയക്കാരെ കരിവാരിത്തേക്കുന്ന സമീപനം വര്‍ധിക്കുന്നു എന്ന വിലപിക്കുന്ന രാഷ്ട്രീയനേതാക്കള്‍ തിരിച്ചറിയാത്തത് അവര്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ജനനന്മ ബലികഴിക്കുന്നു എന്നതാണ്. പ്രകൃതിസംരക്ഷണം മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതിനാശത്തിനാണ് ആറന്മുളയില്‍ രാഷ്ട്രീയ ഒത്താശയോടെ കെജിഎസ് ഗ്രൂപ്പ് ശ്രമിക്കുന്നത്. നാല്‍പ്പത്തിനാല് നദികളുള്ള കേരളത്തില്‍ ഈ വര്‍ഷത്തെ കടുത്ത വരള്‍ച്ചയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടത് കുന്നും മലയും നശിപ്പിച്ചതിനാലും മഴവെള്ളം താഴാതെ ഭൂഗര്‍ഭജലം
പ്രത്യക്ഷമായതിനാലുമാണ്. മാലിന്യ സംസ്ക്കരണ സംസ്ക്കാരമില്ലാത്ത മലയാളി ലഭ്യമായ ജലത്തെപ്പോലും മലിനമാക്കി കേരളത്തെ സാംക്രമികരോഗത്തിന്റെ വിളനിലമാക്കി. മഴ തോരാതെ പെയ്തിട്ടും കേരളത്തില്‍ പലയിടത്തും കുടിവെള്ള ക്ഷാമം തുടരുകയാണ്. ഈ സമകാലിക യാഥാര്‍ത്ഥ്യത്തെ അവഗണിച്ച് പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്ന് കസ്തൂരിരംഗനും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തിരസ്ക്കരിച്ചാണ് രാഷ്ട്രീയാന്ധതയും ബധിരത്വവും ബാധിച്ച രാഷ്ട്രീയ നേതാക്കള്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്. ആറന്മുള മിച്ചഭൂമി കേസില്‍ നടന്നുവരുന്ന മറ്റൊരു ഗൂഢനീക്കമെന്തെന്നാല്‍ കണ്ടെത്തിയ മിച്ചഭൂമി പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ദരിദ്രരായ ഭൂരഹിതര്‍ക്കും നല്‍കാതെ മിച്ചഭൂമി പ്രഖ്യാപനം തന്നെ ദുര്‍ബലപ്പെടുത്തുവാന്‍ നടക്കുന്നുവെന്നതാണ്. ഇത് ഇവരുടെ ഭരണഘടനാവകാശ നിഷേധമാണ്. ആറന്മുള ഗ്രാമകര്‍മ സമിതി ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
courtesy : Janmabhumi daily