Sunday, September 22, 2013

കൂട്ടച്ചതിയെ അതിജീവിച്ച ജനങ്ങളുടെ ജലോത്സവം...

ആറന്മുള വള്ളംകളി ഭക്തി നിർഭരവും വിശിഷ്ട അതിഥികൾ ഭക്തരും ആവണം...

        ആറന്മുള വള്ളം കളി ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ ഒരു ചടങ്ങാണ്, അതിൽ സംബന്ധിക്കുന്നവർ ഭക്തി നിർഭരമായ മനസോടെ ക്ഷേത്ര ദർശനവും പ്രാർത്ഥനയും കഴിഞ്ഞാണ്  വള്ളംകളിയിൽ പങ്കെടുക്കാറള്ളത്. ഭക്തിയും മതവുമായി ബന്ധമുള്ള ചടങ്ങുകളിൽ അത് രണ്ടും അബദ്ധമാണ്  എന്ന് വാദിക്കുന്നവർ പങ്കെടുക്കുന്നത് എന്ത് മാത്രം അർത്ഥ ശൂന്യമാണ്!!!
     .  1500-ലേറെ വർഷം മുൻപ് പോലും നടന്നിരുന്നതായി  വിശ്വസിക്കപ്പെടുന്ന ആറന്മുള വള്ളം കളിക്ക് ക്ഷേത്ര ആചാരം എന്ന ഒറ്റ മുഖം മാത്രമാണുള്ളത്. അതിൽ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കേണ്ടത് വള്ളം കളിയെ അതിന്റെ തനിമയിൽ തന്നെ നില നിർത്താൻ ആഗ്രഹിക്കുന്നവർ ആവണം എന്ന ആറന്മുളയുടെ തീരുമാനം ഫലം കണ്ടു. കൃത്യ സമയത്ത് വള്ളംകളി ആരംഭിച്ചു , വൈകിട്ട് 5, അഞ്ചരയോടെ സമാപിക്കുകയും ചെയ്തു.  30 വർഷത്തിനിടയിൽ ഇങ്ങനെ വള്ളംകളി നടന്നിട്ടില്ല എന്നാണ് പഴമക്കാർ പറയുന്നത്.

    കുറച്ചു വർഷങ്ങളായി ആറന്മുള വള്ളംകളിയിൽ നടന്നു കൊണ്ടിരുന്നത് എന്താണ് എന്ന് അറിഞ്ഞാൽ ക്ഷേത്ര ആചാരമാണോ  എന്ന് സംശയം തോന്നും. പി ജെ കുര്യൻ എന്ന ബഹുമാന്യ രാജ്യസഭ ഉപ അധ്യക്ഷൻ അദ്ദേഹത്തിന് വേണ്ടപ്പെട്ട ഏതെങ്കിലും വിശിഷ്ട വ്യക്തിയെ വള്ളംകളിയിൽ സംസാരിപ്പിക്കാം എന്ന നിർദ്ദേശം വക്കും. ആ നിർദ്ദേശം കണ്ണും പൂട്ടി സംഘാടകർ അംഗീകരിക്കും. ജലഘോഷ യാത്രക്ക് ശേഷം ഉച്ചക്ക് ഒന്നരക്ക് മത്സര വള്ളംകളി തുടങ്ങും എന്ന നോട്ടീസിലെ വാചകം അനുസരിച്ച് തുഴക്കാരും പൊതുജനങ്ങളും എങ്ങനെയെങ്കിലും സമയത്ത് തന്നെ സ്ഥലത്ത് എത്തും . വി ഐ പി ആയ അതിഥിയെ നാട് ചുറ്റിക്കാണിച്ചതിന്   ശേഷം മാത്രമേ ബഹുമാന്യ രാജ്യസഭ ഉപ അധ്യക്ഷൻ വള്ളംകളി ഫ്ലാഗ് ഓഫ്‌ നടക്കുന്ന സത്രക്കടവിലേക്ക് എത്തിക്കുകയുള്ളൂ. വി ഐ പിയെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടി റോഡ്‌ അടച്ചു സെക്യൂരിറ്റി ഏർപ്പെടുത്തുകയും ചെയ്യും. പള്ളിയോടത്തിൽ നട്ടുച്ചയ്ക്ക് കാത്തിരിക്കുന്ന തുഴച്ചിൽക്കാർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാൻ പോലും സംഘാടകർ ശ്രദ്ധിക്കാറില്ല എന്ന ആരോപണവും ഉണ്ട്. വെയിലത്ത്‌ മേൽ വസ്ത്രമില്ലാതെ കാത്തിരിക്കുന്ന തുഴച്ചിൽക്കാരുടെ പുറം പൊട്ടി പോവുക പോലും ഉണ്ടായിട്ടുണ്ട്.  തൊണ്ട വരണ്ടു തുടങ്ങുമ്പോൾ പമ്പയിലെ "പുണ്യ ജലത്തിൽ" തോർത്ത്‌ മുക്കി ആ തോർത്ത്‌ പിഴിഞ്ഞ് വെള്ളം കുടിക്കുന്നതിൽ  അവർക്ക് ഒരു പരിഭവവും ഇല്ലായിരുന്നു. എന്നാൽ പോലും, 1.30 നു തുടങ്ങും എന്ന് പറഞ്ഞ മത്സരം 2.00 മണിക്കോ, 2.30 നോ തുടങ്ങില്ല. 3.00 മണിക്കും തുടങ്ങില്ല.. വേദി നിറഞ്ഞിരിക്കുന്ന വിശിഷ്ട വ്യക്തികൾ മുഴുവനും സംസാരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ തുഴച്ചിൽക്കാർക്ക് തങ്ങളുടെ ധർമം നിർവഹിക്കാൻ സാധിക്കൂ.
   വി ഐ പികളുടെ മുൻപിൽ കാത്തു കിടക്കുന്ന പള്ളിയോടങ്ങൾ പരപ്പുഴക്കടവിലേക്ക് യാത്ര ആരംഭിക്കുമ്പോൾ "വച്ചുപാട്ട്" പാടുക എന്നതാണ് കീഴ്വഴക്കം, അങ്ങനെയാണെങ്കിൽ മാത്രമേ ആറന്മുളയുടെ താളത്തിൽ തുഴയാനും ആവേശം ഉൾക്കൊള്ളാനും സാധിക്കൂ. എന്നാൽ മൈക്കിലൂടെ തുഴചിൽക്കാർ കേൾക്കുന്നത് താളവുമായി പുലബന്ധം പോലും ഇല്ലാത്ത വാചക കസർത്തുകൾ ആവും. മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന പ്രസംഗങ്ങൾ കഴിഞ്ഞു പള്ളിയോടങ്ങൾ തുഴച്ചിൽ ആരംഭിക്കുമ്പോൾ സമയം 4.00 ഓ 4.30 ഓ ആവും. ആറന്മുള ക്ഷേത്ര ആചാരത്തിന്റെ കർശന നിഷ്ടയെക്കുറിച്ചോ നാല് വള്ളങ്ങൾ വീതം ഹീറ്റ്സും, സെമി ഫൈനലും ഫൈനലും കളിയ്ക്കാൻ വേണ്ടി വരുന്ന സമയത്തെ കുറിച്ചോ  എന്ത് ധാരണയാണ് പ്രസംഗക്കാർക്ക് ഉള്ളത് എന്ന് അറിയില്ല.    
     അങ്ങനെ, പ്രസംഗങ്ങളും വാഗ്ദാനങ്ങളും അലങ്കരിച്ച വള്ളംകളിക്ക് ശേഷം ട്രോഫിയുമായി ക്ഷേത്രക്കടവിലേക്ക് പള്ളിയോടങ്ങൾ എത്തുമ്പോൾ സമയം 8.00 മണി കഴിയും. (വാഗ്ദാനത്തെ കുറിച്ച് പറഞ്ഞപ്പോളാണ്, കഴിഞ്ഞ വള്ളംകളി സമയത്ത് ബഹു. രാജ്യ സഭ ഉപ അധ്യക്ഷൻ പള്ളിയോട സേവ സംഘത്തിനു ഒരു ബോട്ട് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ആ ബോട്ട് എന്തോ, ഈ വർഷം കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടായില്ല. മുൻപു പല തവണ വാഗ്ദാനം ചെയ്ത വൻ തുകകൾ പോലെ ആയിരിക്കും ആ ബോട്ടും.)

2013- ലെ വള്ളംകളിയിൽ സംഭവിച്ചത്...

കൂട്ടച്ചതിയെ അതിജീവിച്ച ജനങ്ങളുടെ ജലോത്സവം...

ഭരത് സുരേഷ് ഗോപി എന്ന മഹാ നടൻ ആറന്മുളയുടെ മരുമകനാണ്, ഈശ്വര വിശ്വാസിയാണ്, സർവ്വോപരി സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുക എന്ന ലക്ഷ്യം സഫലമാക്കാൻ വേണ്ടി അനന്തു, അക്ഷയ എന്ന രണ്ടു കുട്ടികളെ അദ്ദേഹം സ്വീകരിച്ചത് ഇന്നാട്ടുകാരുടെ മനസ്സില് അദ്ദേഹത്തിന് ഒരു വിശിഷ്ട സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. തുലാഭാരത്തിന് എത്തിയ അദ്ദേഹത്തെ വള്ളംകളിയുടെ വിശിഷ്ട അതിഥി ആക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത് സർക്കാർ തലത്തിൽ നിന്നുണ്ടായ നിസ്സഹാകരണമാണ്.  ബഹു. ഗവർണർ എത്തും എന്ന് അറിയിച്ചെങ്കിലും സുരക്ഷ കാരണങ്ങളാൽ എത്താൻ സാധിക്കില്ല എന്ന് അറിയിച്ചു പിൻവാങ്ങി. മുൻ കാലത്തിൽ നിന്ന് വിഭിന്നമായി "തിരുവാറന്മുളയപ്പൻ   എന്നെ ഇന്ന് രാവിലെയും കണ്ടു, ഇന്നലെ ഞാൻ തിരുവാറൻമുളയപ്പനെ കണ്ടു"  എന്നും മറ്റുമുള്ള ചിലരുടെ സ്ഥിരം  "പ്രസംഗ വയറ്റിളക്കങ്ങൾ" ഉണ്ടായതുമില്ല. വരും എന്നു വാക്കാലും പത്ര വാർത്ത‍യാലും ഉറപ്പു നല്കിയ ബഹുമാന്യ കേരള ഗവർണർ {ഉദ്ഘാടനം}, സ്പീകർ ജി കാർത്തികേയൻ(, കേന്ദ്ര മന്ത്രി ചിരഞ്ജീവി, പി ജെ ജൊസഫ് (മത്സര വള്ളംകളി ഉദ്ഘാടനം), അടൂർ പ്രകാശ്‌, സജി ചാക്കോ തുടങ്ങിയ നേതാക്കൾ എന്ത് കാരണത്താലാണ് വള്ളംകളിയിൽ നിന്നും കൂട്ട ഒഴിവാകൽ  നടത്തി  ആറന്മുളയെ "ശിക്ഷിച്ചത്" എന്നറിയില്ല. ക്ഷണികപ്പെട്ടില്ലെങ്കിൽ പോലും മാരാമണ്ണിൽ   എത്താൻ ഇവർക്കുള്ള ശുഷ്കാന്തിക്ക് പിന്നിലെ കാരണവും അറിയില്ല. ജന പ്രതിനിധികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, മതേതര രാഷ്ട്രീയ പ്രവർത്തകർ ,മാരാമണ്ണിൽ  ലഭിക്കുന്ന മുൻസീറ്റ്‌ സ്ഥാനത്തിനു കൊടുക്കുന്ന വില പോലും ഈ ക്ഷേത്ര ചടങ്ങിലെ വിശിഷ്ട അതിഥി സ്ഥാനത്തിനു കൊടുക്കുന്നില്ല എന്നത് ഒട്ടും ആശാസ്യമല്ല. ഈ ധിക്കാര പരമായ അവഗണന മാരാമണ്ണിൽ കാണിക്കാൻ ഇവർക്ക് ധൈര്യം ഉണ്ടാവുമോ? ചടങ്ങിൽ മുഖം കാണിച്ചിട്ട് പരമപദത്തിലേക്ക്   എന്നോണം ഓടിപ്പോയ പി സി വിഷ്ണുനാഥ് എന്ത് മഹാകാര്യമാണ്‌ അതിനു ശേഷം ചെയ്തത് എന്ന് കാത്തിരുന്നവരോട് പറയാൻ ബാധ്യസ്ഥനല്ലേ?

ഈ ചതി മുൻകൂട്ടി കണ്ടു കൊണ്ട് ബദൽ സംവിധാനം ഒരുക്കിയ സംഘാടകരെ അഭിനന്ദിക്കാൻ ഐക്കര ജങ്ക്ഷനും തറയിൽ മുക്കിലും കാത്തിരുന്നവർ പറഞ്ഞത് ഇതാണ് " ഒരു ഭക്തൻ വള്ളംകളിയിൽ മുഖ്യ അതിഥി ആവുന്നത് സന്തോഷകരമാണ്, നല്ല കാര്യങ്ങൾ ചെയ്ത സേവസംഘത്തെയും മറ്റു സംഘാടകരേയും എത്ര അഭിനന്ദിച്ചാലാണ്  മതിയാവുക".      

അട്ഭുതകരമെന്നോണം കൃത്യം സമയത്ത് തന്നെ മത്സരം ആരംഭിച്ചു, അഞ്ചരയോടെ വിജയികൾ ട്രോഫിയുമായി ക്ഷേത്രക്കടവിലേക്ക് തിരിക്കുകയും ചെയ്തു. 30 വർഷത്തിനിടയിൽ ഇങ്ങനെ കൃത്യ സമയത്ത് വള്ളംകളി സമപിച്ചിട്ടില്ല എന്ന് അറിയുമ്പോഴേ ഇത്തവണത്തെ വള്ളംകളി സംഘടനതിന്റെ മികവു മനസ്സിലാക്കാൻ സാധിക്കൂ.

കാര്യമാത്ര പ്രസക്തവും അത്യാവശ്യത്തിനു മാത്രം അലങ്കാരങ്ങളും ഉള്ള സ്വാഗത പ്രസംഗവും {ശ്രീ. ശങ്കരനാരായണ പിള്ള, പള്ളിയോട സേവ സംഘം പ്രസിഡന്റ്‌))))}  ഭക്തി നിറഞ്ഞ മറ്റു പ്രസംഗങ്ങളും വള്ളംകളിക്ക് മാറ്റ് കൂട്ടി. ഈശ്വരന്റെ അനുഗ്രഹം സൂചിപ്പിച്ചു കൊണ്ട് ഒരു ദിവസം പൂർണ്ണമായും മഴ മേഘങ്ങൾ നീങ്ങി നിന്ന് വള്ളംകളി ഗംഭീരമാക്കി. വള്ളംകളി കഴിയുന്നത്‌ വരെ സമാധാന പ്രശ്നങ്ങൾ ഒന്നും ഉണ്ടായതുമില്ല. റോഡ്‌ അടച്ചു സെക്യൂരിറ്റി ഒരുക്കാതിരുന്നത് പൊതുജനത്തിനും ഉപകാരമായി.  ക്ഷേത്ര പരിസരവും സത്രക്കടവും ജനനിബിടം ആയിരുന്നുവെങ്കിലും ഒരു ഗതാഗത പ്രശ്നവും ഉണ്ടായില്ല. ഒരു മദ്യപാനിയെ  പോലും പിടി  കൂടേണ്ടി വന്നില്ല എന്ന ആശ്വാസ വചനം പോലീസ് ഉദ്യോഗസ്ഥരിൽ  നിന്ന് കേട്ടപ്പോൾ തിരുവാറൻമുളയപ്പന്റെ   അനുഗ്രഹ ആശിസ്സുകൾ കൊണ്ട് ആറന്മുള വള്ളംകളി സുശോഭാനവും ജാജ്വല്യവും ആയിത്തീർന്നു എന്ന് ആത്മ സംതൃപ്തി നിരവധി പേരിൽ നിഴലിക്കുനതും കാണാമായിരുന്നു.        
                

No comments:

Post a Comment