Saturday, February 15, 2014

ആറന്മുള, സുധീരന്‍ മുന്നോട്ടു വരണം, വമ്പന്‍പദ്ധതികളുടെ ചാലകശക്തിപണംഎന്ന് സാറ ജോസഫ്‌


കേരളത്തിലെ ജനകീയ സമരങ്ങളില്‍ എന്നും ജനപക്ഷത്തു നിന്നിട്ടുള്ള വി എം സുധീരന്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കണം എന്നും ആറന്മുള വിമാന താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും പ്രമുഖ സാഹിത്യകാരി സാറാ ജോസഫ്‌ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട വിമാന താവള പദ്ധതിയ്ക്കെതിരെ ആറന്മുളയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ പരിപാടിയില്‍ അഞ്ചാം ദിവസത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്‌.

ആറന്മുളയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം ആണ് ഹനിക്കപെടുന്നത്, സ്വന്തം വീടിനും, ഭൂമിക്കും, സംസ്കാരത്തിനും മേലുള്ള ഈ കടന്നു കയറ്റത്തിന് സുധീരന്‍ കൂട്ട് നില്‍ക്ക്കില്ല എന്ന് കരുതുന്നതായി സാറ ജോസഫ്‌ പറഞ്ഞു. ഇന്ന് വമ്പന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്പലരും തിരക്ക് കൂട്ടുന്നത്‌ അതില്‍ നിന്നുള്ള സാമ്പത്തിക ലാഭം നോക്കിയാണ് എന്ന് വ്യക്തമാണ്. മൂലധന ശക്തികള്‍ ജന താത്പര്യങ്ങള്‍ നോക്കാറില്ല, പക്ഷെ കേരളത്തില്‍ എത്രയോ ജനകീയ സമരങ്ങള്‍ വിജയിച്ച പാരമ്പര്യം ഉണ്ട്, അനീതിയ്ക്കെതിരെ പോരാടുന്നആറന്മുളയിലെ ജനങ്ങള്‍ക്കൊപ്പം എന്നും താനുമുണ്ടാകും എന്ന് അവര്‍ ഉറപ്പു നല്‍കി.

സമ്മേളനത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക,
കോഴിക്കോട്   അന്വേഷി പ്രസിഡന്റ്‌ കൂടിയായ, കെ അജിത ഒരു വികൃതം ആയ വികസന സങ്കല്പം ആണ് അടുത്തിടെയായി ടൂറിസം എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത് എന്ന് പറഞ്ഞു. സ്ത്രീ, മദ്യം, ആര്‍ഭാടം തുടങ്ങിയ വയാണ് അതിന്റെ കാതല്‍. അന്താരാഷ്ട്ര വിമാന താവളവും അനുബന്ധ പദ്ധതികളും വഴി ആറന്മുളയില്‍ ലക്‌ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. ഹോം സ്റ്റേ എന്ന പേരില്‍  പണത്തിനായി ടൂറിസ്റ്റുകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്ന രീതി കേരളത്തില്‍ വ്യാപകം ആയി കഴിഞ്ഞു. ഇതിന്റെ സംസ്കാരികം ആയ അപചയം തായ് ലാന്‍ഡ്‌ പോലുള്ള മറ്റു രാജ്യങ്ങളില്‍ പ്രകടം ആണ്, കുത്തക മൂലധന ശക്തികളും, രാഷ്ട്രീയ പ്രമുഖരും മാഫിയ സംഘങ്ങളും കുരുന്നു പെണ്‍കുട്ടികളെ പോലും ചൂഷണം ചെയ്യുന്ന ഇത്തരം വികസനം ഈ പരിപാവനം ആയ മണ്ണില്‍ കടക്കാന്‍ അനുവദിക്കരുത് എന്നും അജിത ആഹ്വാനം ചെയ്തു.

ആറന്മുളയില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്‍റെ അഞ്ചാം ദിവസം സായാഹ്ന്നത്തില്‍ പന്തലില്‍ എത്തിയ സാറാ ജോസഫിനെയും കെ അജിതയെയും ആറന്മുള പ്രദേശത്തെ പാരമ്പര്യം അനുസരിച്ച് വള്ളപാട്ട് പാടി ആണ് നാട്ടുകാര്‍ സ്വാഗതം ചെയ്തത്.

അഞ്ചാം ദിവസ സത്യാഗ്രഹ പരിപാടി കവയിത്രി കണിമോള്‍ഉദ്ഘാടനം ചെയ്തു. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ ഇടപ്പാവൂര്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആറന്മുളയില്‍ നടക്കുന്നത് ഒരു കുരുക്ഷേത്ര യുദ്ധം തന്നെയാണെന്നുംഇവിടെ അധര്‍മ്മത്തെ ചെറുത്തു തോല്പ്പിക്കെണ്ടതുണ്ട് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മുഖ്യ പ്രഭാഷണം നടത്തിയ എ ഐ സി സി അംഗം അഡ്വ. ഫിലിപ്പോസ് തോമസ്‌ പരിസ്ഥിതിയും, വിശ്വാസങ്ങളും, നിലനില്‍പ്പ്‌ തന്നെയും അപകടത്തില്‍ ആക്കുന്ന ആറന്മുള വിമാനതാവള പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് അഭ്യര്‍ഥിച്ചു. അക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകൃതിയ്ക്ക് വേണ്ടി കവിത ചൊല്ലിയും, ജനങ്ങളുടെ ഹൃദയ നൊമ്പരം പങ്കു വെച്ചും യുവകലാസാഹിതി പ്രവര്‍ത്തകര്‍ ആറന്മുള സത്യഗ്രഹത്തില്‍ ഒത്തു ചേര്‍ന്നു. സെക്രട്ടറി ഇ എം സതീശന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ബി ഇന്ദിര, ഷീല രാഹുല്‍, ആതിര ബാലചന്ദ്രന്‍, നളിനി ടീച്ചര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗിരിജ ദേവി, അല്‍ഫോന്‍സ്‌ ജോയ്, കെ ബിനു, ശാരദ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ചാം ദിവസ പരിപാടികളില്‍ സി പി ഐ ജില്ല സെക്രട്ടറി പി പ്രസാദ്‌,  ബി ജെ പി ജില്ല വൈസ് പ്രസിഡന്റ്‌ വി എസ് ഹരിഷ് ചന്ദ്രന്‍, സി പി എം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ അജയ കുമാര്‍, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, സി പി ഐ എം
ജില്ല കമ്മിറ്റി അംഗം കെ എം ഗോപി, തുടങ്ങിയവര്‍ പങ്കെടുത്തു. 

ചെറിയനാട് കരയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രസാദം വിതരണം ചെയ്തു ദിവസത്തെ സത്യാഗ്രഹ സമരം ധന്യമാക്കി. കേരള സംസ്കാരത്തിന്റെ പ്രധാന തായ് വേര് തന്നെ ആക്രമിക്കപെടുമ്പോള്‍ അത് കണ്ടിരിക്കില്ല എന്നും, ഇന്ന് പ്രകൃതി തന്നെ രോഗാതുരം ആകുമ്പോള്‍ രോഗാണുക്കളുടെ റോള്‍ ആണ് പല രാഷ്ട്രീയക്കാര്‍ക്കും എന്നും കര നാഥന്മാര്‍ വിലയിരുത്തി.

No comments:

Post a Comment